17 August Friday

സ്വകാര്യ സർവകലാശാലകളെ സഹായിക്കാൻ വിദൂരവിദ്യാഭ്യാസത്തിന‌് യുജിസി വിലക്ക‌്

എം വി പ്രദീപ‌്Updated: Monday Jul 23, 2018



തിരുവനന്തപുരം
ലക്ഷക്കണക്കിന‌് വിദ്യാർഥികളുടെ ഉന്നതപഠനം അവതാളത്തിലാക്കി സംസ്ഥാനത്തെ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസപഠനത്തിന‌് യൂണിവേഴ‌്സിറ്റി ഗ്രാന്റ‌്സ‌് കമീഷൻ (യുജിസി) വിലക്ക‌്. രാജ്യത്തെ ചില സ്വകാര്യ സർവകലാശാലകൾ നടത്തുന്ന ഓൺലൈൻ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കാനാണ‌് ഉയർന്ന നാക‌്  ഗ്രേഡിങ്ങുള്ള സർവകലാശാലകളിൽമാത്രം വിദൂരവിദ്യാഭ്യാസം മതിയെന്ന തീരുമാനം യുജിസി സ്വീകരിച്ചത‌്. ഇതേത്തുടർന്ന‌് കേരള, കലിക്കറ്റ‌്, കണ്ണൂർ, എംജി സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ രജിസ‌്ട്രേഷൻ നിർത്തിവച്ചു.

എപ്ലസ‌് ഗ്രേഡുള്ള സർവകലാശാലകൾക്കുമാത്രമേ വിദൂരവിദ്യാഭ്യാസ പഠനവിഭാഗം  തുടരാനാകൂവെന്നാണ‌് പുതിയ നിർദേശം. നാലിൽ 3.26ന‌് മുകളിൽ നാക‌് ഗ്രേഡ‌് പോയിന്റുള്ള സർവകലാശാലകളാണ‌് എപ്ലസ‌് ഗ്രേഡിൽ വരിക.

സംസ്ഥാനത്ത‌് ഒരു സർവകലാശാലയ‌്ക്കും നാക‌് ഇതുവരെ എ പ്ലസ‌് ഗ്രേഡ‌് നൽകിയിട്ടുമില്ല. രാജ്യത്തെ ചില സ്വകാര്യ സർവകലാശാലകൾക്ക‌് മാത്രമാണ‌് പ്രധാനമായും എപ്ലസ‌് ഗ്രേഡ‌് കിട്ടിയത‌്. ഇത്തരം സർവകലാശാലകളെ സഹായിക്കാനുള്ള തീരുമാനത്തോടെ  സംസ്ഥാനത്തെ  ലക്ഷക്കണക്കിന‌് വിദ്യാർഥികളുടെ ബിരുദ‐ ബിരുദാനന്തരപഠനമാണ‌് അവതാളത്തിലായത‌്. പ്ലസ‌്ടുവിന‌് 70 ശതമാനത്തിൽ കൂടുതൽ മാർക്കുള്ളവർക്കുപോലും കേരളത്തിൽ റഗുലർ കോളേജ‌് പഠനം അസാധ്യമായിരിക്കെയാണ‌് യുജിസിയുടെ വിചിത്രതീരുമാനം. പാരലൽ കോളേജുകളിൽചേർന്ന വിദ്യാർഥികളുടെ ഭാവിയും ഇതോടെ അനിശ്ചിതത്വത്തിലായി. 

സംസ്ഥാന  സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സർവകലാശാലകളിൽ തുടർന്നും വിദൂര വിദ്യാഭ്യാസ വിഭാഗം പ്രവർത്തിക്കാൻ അനുവദിക്കണമെന്ന‌്   കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തോടും യുജിസിയോടും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂലതീരുമാനം ഉണ്ടായിട്ടില്ല. 

  സംസ്ഥാനത്ത‌് ആർട‌്സ‌് വിഷയങ്ങളിൽ  ഭൂരിപക്ഷം വിദ്യാർഥികളും ബിരുദ, ബിരുദാനന്തര പഠനത്തിന‌് ഇപ്പോഴും ആശ്രയിക്കുന്നത‌് സമാന്തരസ്ഥാപനങ്ങളെയാണ‌്.  നേരത്തെയുണ്ടായ  പ്രൈവറ്റ‌് രജിസ‌്ട്രേഷൻ സമ്പ്രദായമാണ‌് യുജിസി നിർദേശപ്രകാരം സർവകലാശാലകൾ  വിദൂര വിദ്യാഭ്യാസ വിഭാഗത്തിന‌് കീഴിലാക്കിയത‌്. കണ്ണൂർ സർവകലാശാലയിൽ 45000 വിദ്യാർഥികളാണ‌് വിദൂരപഠന വിഭാഗത്തിൽ ഓരോ വർഷവും ഡിഗ്രിക്ക‌് ചേരുന്നത‌്.

കലിക്കറ്റിൽ 50000 മുതൽ 60000 പേർവരെ ചേരുന്നു. ഈ രണ്ട‌് സർവകലാശാലകളിലും പ്രൈവറ്റ‌് രജിസ‌്ട്രേഷനില്ല. എംജിയിലും കേരളയിലും 15000 വീതവും വിദൂരപഠനവിഭാഗത്തിൽ ഓരോവർഷവും ചേരുന്നുണ്ട‌്.  ഇവിടങ്ങളിൽ പ്രൈവറ്റ‌് രജിസ‌്ട്രേഷൻ നിലവിലുണ്ടെങ്കിലും കൂടുതൽപേർ ആശ്രയിക്കുന്നത‌് വിദൂരപഠന വിഭാഗത്തെയാണ‌്.

    പ്രതിവർഷം ചുരുങ്ങിയത‌് ഒന്നരലക്ഷം  പ്ലസ‌്ടു വിജയികളുടെ ഉപരിപഠനസാധ്യത മങ്ങും. ഈ വർഷത്തെ പ്രവേശനത്തെ ബാധിക്കില്ലെന്നും യുജിസി നിർദേശം 2019 മുതലാണ‌് പ്രാവർത്തികമാകുന്നതെന്ന വാദവും ഉണ്ട‌്. നിർദേശത്തിൽ  വ്യക്തതവരുത്തണമെന്ന‌് ഉന്നതവിദ്യാഭ്യാസ വകുപ്പ‌്  യുജിസിയോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.

പ്രധാന വാർത്തകൾ
Top