21 September Friday

യുഎഇ വാഗ‌്ദാനത്തിനെതിരായ പ്രചാരണം സഹായം തടസപ്പെടുത്താൻ

സ്വന്തം ലേഖകൻUpdated: Saturday Aug 25, 2018

തിരുവനന്തപുരം > പ്രളയദുരന്തം നേരിടുന്നതിന‌് യുഎഇ സർക്കാർ പ്രഖ്യാപിച്ച ധനസഹായം വ്യാജമാണെന്ന പ്രചാരണങ്ങളുെട മുനയൊടിയുന്നു. ധനസഹായ പ്രഖ്യാപനം വ്യാജമാണെന്ന‌് പ്രചരിപ്പിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള അടക്കമുള്ളവർക്കുള്ള മറുപടിയാണ‌് യുഎഇ ഭരണാധികാരികളുടെ സഹായ വാഗ‌്ദാനത്തിന‌് നന്ദി അറിയിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ  ട്വീറ്റ‌്.

യുഎഇ ഭരണാധികാരിയുടെ സഹായവാഗ‌്ദാനം പുറത്തുവന്നത‌് കഴിഞ്ഞ 18നായിരുന്നു. ‘ദുരിതബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ച‌് പ്രവർത്തിക്കും. അടിയന്തരസഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട‌്’‐ എന്നതായിരുന്നു ട്വീറ്ററിലൂടെയുള്ള സന്ദേശം.

അന്നുതന്നെ സഹായത്തിന‌് നന്ദി അറിയിച്ച‌് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റും പറത്തുവന്നു. ‘ഉദാരമായ വാഗ‌്ദാനം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ‌്. ദുബായ‌് ഭരണാധികാരിയുടെ ട്വീറ്റിനെ പ്രധാനമന്ത്രി ടാഗും ചെയ‌്തു. സഹായം 700 കോടിയുടേതാണെന്ന‌് മുഖ്യമന്ത്രിയുടെ ഓഫീസ‌് ട്വീറ്റ‌് ചെയ‌്തത‌് 21നാണ‌്. മുഖ്യമന്ത്രിയുടെ ഓഫീസ‌് ട്വീറ്റിൽ  പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ട്വീറ്റിനെയും ടാഗ‌് ചെയ‌്തിരുന്നു. യുഎഇ ഭരണാധികാരിയുടെ ട്വീറ്റും ടാഗ‌് ചെയ‌്തു. യുഎഇ സർക്കാർ സഹായവാഗ‌്ദാനം ആദ്യമായി അറിയിച്ചത‌് വ്യവസായി എം എ യുസഫ‌ലിയെ ആയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ‌് അന്നുതന്നെ ട്വീറ്റ‌് ചെയ‌്തു.

എന്നാൽ, 22ന‌് കേരളം വിദേശസഹായം സ്വീകരിക്കുന്നത‌് തടഞ്ഞ‌് വിദേശ മന്ത്രാലയം വാർത്താകുറിപ്പിറക്കി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നപ്പോഴാണ‌് സംഘപരിവാറും ബിജെപി അനുകൂലികളും തെളിവ‌് ആവശ്യപ്പെട്ട‌് രംഗത്തുവന്നത‌്. വഗ‌്ദാനം വ്യാജമെന്നനിലയിൽ ചില ദൃശ്യ മാധ്യമങ്ങളും വാർത്ത പ്രചരിപ്പിച്ചു. യുഎഇ പ്രഖ്യാപിച്ച വാഗ‌്ദാനം കേരളത്തിലെ നിലവിലെ സ്ഥിതിയിൽ സംസ്ഥാനത്തിന‌് അനിവാര്യമാണെന്നായിരുന്നു കേന്ദ്ര സഹമന്ത്രി അൽഫോൺസ‌് കണ്ണന്താനത്തിന്റെ അഭിപ്രായം. യുഎഇ സർക്കാരിന്റെ സഹായം ലഭ്യമാകുന്നതിന‌് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ സംസ്ഥാന സർക്കാർ ഔദ്യോഗികതലത്തിൽത്തന്നെ ചർച്ച ചെയ‌്ത‌് പരിഹരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

മോഡി സർക്കാർ 2016ൽ പുറപ്പെടുവിച്ച ദേശീയ ദുരന്തനിവാരണ പദ്ധതിയുടെ 145‐ാം പേജിൽ ഖണ്ഡിക 9 (രണ്ട‌്)ൽ ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും വിദേശസഹകരണം സംബന്ധിച്ച‌് വ്യക്തമായി പറയുന്നു. ഒരു നയമെന്നനിലയിൽ കേന്ദ്ര സർക്കാർ ദുരന്തപശ്ചാത്തലത്തിൽ വിദേശ സഹായത്തിനുള്ള അഭ്യർഥന പുറപ്പെടുവിക്കേണ്ടതില്ല. എന്നാൽ, ദുരന്തത്തിന‌് ഇരയാകുന്നവരോടുള്ള ഐക്യദാർഢ്യപ്രഖ്യാപനവും സദ‌്പ്രവൃത്തിയും എന്ന നിലയിൽ ഏതെങ്കിലും രാജ്യത്തെ സർക്കാർ സ്വമേധയാ സഹായം പ്രഖ്യാപിച്ചാൽ കേന്ദ്ര സർക്കാരിന‌് ആ സഹായം സ്വീകരിക്കാം. വിദേശസഹായം വിലയിരുത്തി, അത‌് ഇവിടെ എത്തിക്കാൻ വിദേശമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും യോജിച്ച‌് പ്രവർത്തിക്കണം. ബന്ധപ്പെട്ട സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച‌് ആഭ്യന്തര മന്ത്രാലയം വിദേശസഹായം ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യണമെന്നും പദ്ധതിയിൽ വ്യക്തമാക്കുന്നു.
ഈ നയം അനുസരിച്ചാണ‌് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത‌്. എന്നാൽ, 2004ൽ യുപിഎ സർക്കാർ പ്രഖ്യാപിച്ച വിദേശനയം അനുസരിച്ചല്ല ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത‌്. ഇതെല്ലാം മറച്ചുവച്ചാണ‌് രാഷ്ട്രീയലക്ഷ്യംവച്ച‌് ചിലർ യുഎഇ സഹായം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top