21 September Friday

രണ്ട് ബെമൽ ടട്രാ ട്രക്കുകൾ ചാലക്കുടിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018
കൊച്ചി> വെള്ളത്തിലുൾപ്പെടെ ഏത് പ്രതികൂല പരിത: സ്ഥിതിയിലും സഞ്ചരിക്കുന്ന രണ്ട് ബെമൽ ടട്രാ ട്രക്കുകൾ പാലക്കാട് നിന്ന് ചാലക്കുടിക്ക് അയച്ചതായി എം ബി രാജേഷ് എം പി അറിയിച്ചു. ഒന്ന് നേരെ ചാലക്കുടിക്കും മറ്റൊന്ന് ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയിൽ അവശ്യ വസ്തുക്കൾ എത്തിച്ച ശേഷം ചാലക്കുടി,ആലുവ പ്രദേശങ്ങളിലെ സേവനത്തിനായും പോകും.
 
പാലക്കാടുള്ള പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ നിർമ്മിക്കുന്ന ഈ ടട്രാ ട്രക്കുകളാണ് ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നത്. കാർഗിൽ പോലുള്ള ദുഷ്കര മേഖലകളിൽ മികവു തെളിയിച്ച ഈ ട്രക്കുകൾ ഒരാൾപ്പൊക്കമുള്ള വെള്ളത്തിൽ സഞ്ചരിക്കും. എഞ്ചിനുകൾ വളരെ ഉയരത്തിലായതു കൊണ്ട് വെള്ളം കയറി ഓഫായി പോകില്ല. എട്ടു ചക്രങ്ങളുള്ള ഈ വാഹനം ചെളിയിൽ പുതഞ്ഞു പോകുകയുമില്ല. ആവശ്യമെങ്കിൽ മണിക്കൂറിൽ 80 കി.മീ വേഗത്തിൽ വരെ സഞ്ചരിക്കാനാവും.
 
പാലക്കാട്ടെ ആവശ്യത്തിന് സജ്ജമാക്കിയതാണെങ്കിലും ഇവിടെ സ്ഥിതി മെച്ചപ്പെട്ടതിനാൽ ഗുരുതര സ്ഥിതിയുള്ള ചാലക്കുടി,ആലുവ മേഖലകൾക്കായി വാഗ്ദാനം ചെയ്യുകയായിരുന്നു. രണ്ടു ട്രക്കുകളും പാലക്കാട് നിന്ന് തിരിച്ചു കഴിഞ്ഞു. എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തും. സംഘാംഗങ്ങളായ പ്രശാന്ത്, ഗിരീഷ്, സുനിൽ, നിധീഷ്, രാധാകൃഷ്ണൻ, രാജേഷ് കുമാർ, ശ്രീനുജ്, സവിൻ, അരുൺ ഗോപാൽ, അശോകൻ എന്നിവർക്കും എത്രയുംപെട്ടെന്ന് വാഹനങ്ങൾ സജ്ജീകരിക്കാൻ നേതൃത്വം വഹിച്ച ബെമൽ ഉന്നതോദ്യോഗസ്ഥരായ രഘുനാഥ്, ദേവിനായർ എന്നിവർക്കും നന്ദി പറയുന്നതായും എം ബി രാജേഷ് അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top