24 October Wednesday

ഫെയ്‌സ‌്ബുക്കിൽ നേതാക്കൾക്ക‌് പൊങ്കാല

വേണു കെ ആലത്തൂർUpdated: Saturday Jun 9, 2018



രാജ്യസഭാ സീറ്റ‌് മാണി വിഭാഗത്തിന‌് നൽകിയ തീരുമാനം ഫേസ‌്ബുക്കിലും  പൊരിഞ്ഞ ചർച്ച.  കോൺഗ്രസ‌് നേതാക്കളെ കൂട്ടത്തോടെ പൊങ്കാലയിടുകയാണ‌് പ്രവർത്തകർ. കോൺഗ്രസ‌് തീരുമാനത്തിനെതിരെ ഫേസ‌്ബുക്ക‌് പോസ‌്റ്റ് ഇട്ട ഷാഫി പറമ്പിൽ എംഎൽഎയെയാണ‌് വളഞ്ഞിട്ട‌് ആക്രമിക്കുന്നത‌്. തെറിവിളിയും രൂക്ഷമാണ‌്.  ഷാഫി പറമ്പിൽ ഫേസ‌്ബുക്കിൽ കുറിച്ചതിങ്ങനെ

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണ‌്.  ഇതൊരു കീഴടങ്ങലാണ‌്, ആത്മവിശ്വാസക്കുറവ‌് പാർടിയെ ബാധിച്ചിരിക്കുന്നു. മതിയായ ഒരുകാരണവുമില്ലാതെയാണ‌് കേരള കോൺഗ്രസ‌് മുന്നണി വിട്ടത‌്. എന്നിട്ട‌് തിരിച്ചുവരുന്നതിന‌് മുമ്പുതന്നെ രാജ്യസഭാ സീറ്റ‌് നൽകിയിട്ടുവേണോ തിരിച്ചാനയിക്കാൻ. കോൺഗ്ര‌സ‌് ദുർബലപ്പെട്ട‌് ശക്തിപ്പെടുത്താൻ കഴിയുന്ന  ഒന്നല്ല മുന്നണി’

ഷാഫിയുടെ ഫേസ‌്ബുക്ക‌് പോസ‌്റ്റ‌് ഇങ്ങനെ തുടരുകയാണ‌്.

ഇതിന‌് നൂറ‌്കണക്കിനാളുകളാണ‌് പ്രതികരണവുമായി ഇറങ്ങി. ലീഗിനെ പഠിപ്പിക്കാൻ നോക്കണ്ട എന്നാണ‌് ലീഗ‌് പ്രവർത്തകന്റെ കമന്റ‌്. ഇന്ദിരാ ഭവൻകൂടി ലീഗിനും മാണിക്കും എഴുതിക്കൊടുത്തിട്ട‌് നേതാക്കൾ വീട്ടിൽപോയി ഇരിക്കട്ടെ എന്ന‌് രോഷത്തോടെ പറയുന്നവരുമുണ്ട‌്. 

നാണംകെട്ട നേതാക്കൾ സാധാരണ പാർടി പ്രവർത്തകരുടെ മാനം കളഞ്ഞു,  ഈ തീരുമാനം ചെങ്ങന്നൂർ ഇലക‌്ഷന‌് മുമ്പായിരുന്നെങ്കിൽ അവിടെ എൽഡിഎഫ‌് അമ്പതിനായിരം വോട്ടിന‌് ജയിച്ചേനെ,  മാണിക്ക‌് മുന്നിൽ നട്ടെല്ല‌് വളച്ച‌് നിൽക്കുന്ന യുവ നേതാക്കളെയോർത്ത‌് ഞങ്ങൾ സഹതപിക്കുന്നു...

നിങ്ങളുടെ അഞ്ച‌് എംപിമാരുടെ കാലാവധിയിൽ സിപിഐ എം 15 എംപിമാരെ അവതരിപ്പിച്ചു.  എസ‌്എഫ‌്ഐ വിദ്യാർഥിനിയുടെ  ധൈര്യംപോലും ഇല്ലല്ലോ കോൺഗ്രസ‌് നേതാക്കളെ നിങ്ങൾക്ക‌്  എന്നീ കമന്റുകൾക്ക‌് പുറമെ പുറത്തുപറയാൻ പറ്റാത്ത പച്ചത്തെറിയുമാണ‌് പലരും കുറിച്ചിരിക്കുന്നത‌്.

വി ടി ബൽറാം, ഹൈബി ഈഡൻ, അനിൽ അക്കര തുടങ്ങി, രാജ്യസഭാ സീറ്റ‌് വിഷയത്തിൽ ആദ്യം കലാപമുണ്ടാക്കിയ എല്ലാനേതാക്കളുടെയും ഫേസ‌്ബുക്ക‌് പേജിൽ തെറിയുടെ പൂരപ്പാട്ടാണ‌്.

വെള്ളിയാഴ‌്ച രാവിലെ പാലക്കാട്ട‌് പി  ബാലൻ അനുസ‌്മരണ പ്രഭാഷണത്തിനിടയിൽ കോൺഗ്രസിന്റെ അവസ്ഥയെക്കുറിച്ച‌് എം കെ രാഘവൻ എംപിയും രൂക്ഷമായ  വിമർശനം നടത്തി. സ്വന്തംകാലിൽ നിൽക്കാൻ കഴിവില്ലെങ്കിൽ വിരൽ ചൂണ്ടുന്നവരുടെ മുന്നിൽ മുട്ട‌് മടക്കേണ്ടിവരുമെന്ന‌് എം കെ രാഘവൻ പറഞ്ഞു.

പ്രധാന വാർത്തകൾ
Top