22 November Thursday

അധിക്ഷേപകരമായ പരാമര്‍ശം: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ട്രാന്‍സ്ജന്‍ഡറുകളുടെ പ്രതിഷേധം

സ്വന്തം ലേഖികUpdated: Monday Oct 22, 2018


തിരുവനന്തപുരം > 'ഞങ്ങളും മനുഷ്യരാണ്, ഞങ്ങളില്‍ ഭിന്നമായി ഒന്നുമില്ല.'  ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്കാണ് എല്‍ജിബിടിക്യൂ കമ്യൂണിറ്റിയുടെ ഈ ഓര്‍മപ്പെടുത്തല്‍. ശബരിമല വിഷയത്തില്‍ പ്രതികരിക്കവെ, ട്രാന്‍സ്ജെന്‍ഡറുകളെ അപമാനിച്ച ശ്രീധരന്‍പിള്ളയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു അവര്‍.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് അങ്ങേയറ്റം അവഹേളനപരമായ പരാമര്‍ശം ശ്രീധരന്‍പിള്ള നടത്തിയത്. എഐസിസിയുടെ നിലപാട് മൂന്നാം ലിംഗക്കാരെ പോലെയാണ്. പാര്‍ട്ടിയുടെ കൊടി ഉപയോഗിച്ച് സമരത്തില്‍ പങ്കെടുക്കണ്ട എന്ന് എഐസിസി നേതൃത്വം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. അഭിപ്രായത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് ആണും പെണ്ണും കെട്ടതു പോലെയായതു കൊണ്ടാണ്,' എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസ്താവന. 

സമൂഹത്തിലെ വലിയൊരു വിഭാഗത്തെ വേദനിപ്പിക്കും വിധമുള്ള  ആണധികാര പ്രകടനങ്ങള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയനേതാക്കള്‍ക്ക് ഭൂഷണമല്ലെന്ന് ഓര്‍മിപ്പിച്ച ട്രാന്‍സ്ജന്‍ഡര്‍ കമ്യൂണിറ്റി അംഗങ്ങള്‍ ശ്രീധരന്‍ പിള്ള പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ ശ്രീധരന്‍പിള്ളയുടെ വീട് ഉപരോധിക്കുകയും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ അപമാനകരമായ പരാമര്‍ശം 2014ലെ സുപ്രീം കോടതി വിധിയുടെ ലംഘനം കൂടിയാണ്.

 ഇതിനെതിരെ ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി കൊടുക്കും. ശ്രീധരന്‍ പിള്ളയുടെ അഭിഭാഷക എന്റോള്‍മെന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഹൈക്കൊടതി രജിസ്ട്രാര്‍ക്കും നിവേദനം നല്‍കുമെന്നും ട്രാന്‍സ്ജന്‍ഡറുകള്‍ പ്രഖ്യാപിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് കുന്നുകുഴി ജങ്ഷനില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രകടനത്തില്‍ പങ്കെടുത്ത എല്‍ജിബിടിക്യൂ വിഭാഗത്തില്‍ പെട്ടവര്‍, വിദ്യാര്‍ഥികള്‍, കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top