Top
23
Thursday, November 2017
About UsE-Paper

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കൊള്ള സകല പരിധികളും ലംഘിക്കുന്നു: തോമസ് ഐസക്ക്

Friday Sep 15, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം> കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ കൊള്ള എല്ലാ സീമകളും ലംഘിക്കുകയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വിലയില്‍ ദിനംപ്രതി പുതുക്കല്‍ വരുത്താനുള്ള തീരുമാനം നിലവില്‍ വന്നശേഷം പെട്രോളിന് ഇതേവരെ ഏഴു രൂപയാണ് വര്‍ദ്ധിച്ചത്. ഡീസലിന് അഞ്ചു രൂപയും.

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വല്ലപ്പോഴുമുണ്ടാകുന്ന രണ്ടോ മൂന്നോ രൂപ വില വര്‍ദ്ധനപോലും പണ്ട് ഒന്നാം പേജ് വാര്‍ത്തയായിരുന്നു. വലിയ പ്രതിഷേധവും അക്കാലത്തുയര്‍ന്നിരുന്നു. പിന്നീട് ഓരോ പതിനഞ്ചു ദിവസം കൂടുന്തോറും വില പുതുക്കുകയെന്ന പുതിയ രീതി നടപ്പില്‍ വന്നു. ദിനംപ്രതി വില പുതുക്കാനുള്ള തീരുമാനം നടപ്പിലായത് കഴിഞ്ഞ ജൂണ്‍ 16 മുതലാണ്. വിലയില്‍ ഒറ്റയടിക്ക് വര്‍ദ്ധന വരുത്തുന്നതിനു പകരം പ്രതിദിനം പത്തോ പതിനഞ്ചോ പൈസ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ബുദ്ധി. ഈ ചെറിയ വ്യത്യാസം ശ്രദ്ധിക്കപ്പെടില്ലെന്നും പെട്ടെന്നുണ്ടാകുന്ന വില വര്‍ദ്ധന സൃഷ്ടിക്കുന്ന പ്രതിഷേധം ഇങ്ങനെ മറികടക്കാമെന്നും സര്‍ക്കാരിന്റെ ബുദ്ധികേന്ദ്രങ്ങള്‍ കരുതി. പക്ഷേ, രണ്ടു മാസം കൊണ്ട് ഏഴു രൂപ വര്‍ദ്ധിച്ചത് രാജ്യവ്യാപകമായി വലിയ അസംതൃപ്തിയും പ്രതിഷേധവുമാണ് വരുത്തിയിരിക്കുന്നത്.

ക്രൂഡോയിലിന്റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. 2012 സെപ്തംബര്‍ രണ്ടാംവാരത്തില്‍ ഒരു ലിറ്റര്‍ ക്രൂഡോയിലിന് 33.93 രൂപയായിരുന്നു. അന്ന് പെട്രോളിന്റെ വില 68.46 രൂപയും ഡീസലിന്റെ വില 46.95 രൂപയുമായിരുന്നു. 2017 സെപ്തംബര്‍ രണ്ടാംവാരത്തില്‍ ഒരു ലിറ്റര്‍ ക്രൂഡോയിലിന്റെ വില 19.13 രൂപയായി താണു. പക്ഷേ ഒരു ലിറ്റര്‍ പെട്രോളിന് വില 70.38 രൂപയും ഡീസലിന്റെ വില 58.72 രൂപയുമായി ഉയര്‍ന്നു. ഇവ വീണ്ടും തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുയാണ്.

ഇന്നൊരു പത്രം തലക്കെട്ട് കൊടുത്തിരിക്കുന്നത് ''ഇന്ധന വില കുതിക്കുമ്പോഴും ജനങ്ങളെ പിഴിയുന്നതില്‍ കേന്ദ്രവും സംസ്ഥാനവും മച്ചാന്‍ കളിക്കുന്നു'' എന്നാണ്. ഇത് എങ്ങനെ ശരിയാകും? നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് വില വര്‍ദ്ധനവിനെക്കുറിച്ചല്ലേ? സംസ്‌കരണ ചെലവിലെ മാറ്റങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയില്‍ വില വര്‍ദ്ധിക്കാന്‍ മൂന്ന് കാരണങ്ങള്‍ ഉണ്ടാകാം. ഒന്ന്, എണ്ണക്കമ്പനികളുടെ ലാഭം ഉയര്‍ന്നു. രണ്ട്, കേന്ദ്രനികുതി കൂട്ടി. മൂന്ന്, സംസ്ഥാന നികുതി വര്‍ദ്ധിച്ചു. ഇതില്‍ എന്താണ് സംഭവിച്ചത്?

ഒരു സംസ്ഥാന സര്‍ക്കാരും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. കേരളത്തിലാണെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസ് അല്ലാതെ നികുതി വര്‍ദ്ധന ഉണ്ടായിട്ടില്ല. അപ്പോള്‍ പിന്നെ പെട്രോള്‍ വിലക്കയറ്റത്തിന്റെ കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രത്തിന്റെ നികുതിയും മാത്രമാണ്. ഈ യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കുന്നതിന് വേണ്ടിയിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നികുതിയാണ് വിലക്കയറ്റത്തിന് കാരണമെന്ന് ബിജെപിയും ചില ശുദ്ധാത്മാക്കളും പ്രചരിപ്പിക്കുന്നത്.

ക്രൂഡോയില്‍ വിലയിടിയുമ്പോഴെല്ലാം എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ച് ആ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാതെ ഖജനാവില്‍ മുതല്‍ക്കൂട്ടുക എന്ന നയമാണ് മോഡി സര്‍ക്കാര്‍ അവലംബിച്ചിട്ടുള്ളത്. മോഡി അധികാരത്തില്‍ എത്തുമ്പോള്‍ (2014) പെട്രോളിന്റെ എക്‌സൈസ് നികുതി 9.20 രൂപയായിരുന്നു. ഇത് 2017 ജനുവരി ആയപ്പോഴേയ്ക്കും 21.48 രൂപയായി ഉയര്‍ത്തി. 133 ശതമാനം വര്‍ദ്ധന. ഡീസലിന്റെ എക്‌സൈസ് നികുതിയാകട്ടെ 3.46 രൂപയില്‍ നിന്നും 17.33 രൂപയായി ഉയര്‍ത്തി. 400 ശതമാനം വര്‍ദ്ധന. ഈ കൊള്ള മറച്ചുവയ്ക്കാനാണ് സംസ്ഥാനങ്ങളുടെ നികുതിയാണ് വിലക്കയറ്റത്തിനു കാരണം എന്ന വിശദീകരണവുമായി ബിജെപി ഇറങ്ങിയിരിക്കുന്നത്.

ചരിത്രപരമായി സംസ്ഥാനസര്‍ക്കാരുകള്‍, കേന്ദ്രസര്‍ക്കാരിനെ പോലെതന്നെ, പെട്രോളിയം ഉല്‍പന്നങ്ങളുടെ മേല്‍ താരതമ്യേന ഉയര്‍ന്ന നികുതി നിരക്കാണ് ഈടാക്കിക്കൊണ്ടിരുന്നത്. ഇത് എത്രമാത്രം കുറയ്ക്കണം തുടങ്ങിയവ വിശദമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. പക്ഷെ ഇന്ന് ഉണ്ടായിരിക്കുന്ന വിലക്കയറ്റത്തിനു കാരണം ഈ ഉയര്‍ന്ന നിരക്കല്ല. ക്രൂഡോയിലിന്റെ വില റെക്കോര്‍ഡ് നിലവാരത്തിലായിരുന്നപ്പോഴും ഏതാണ്ട് ഇതേ നികുതി നിരക്കായിരുന്നല്ലോ സംസ്ഥാനങ്ങള്‍ ഈടാക്കിക്കൊണ്ടിരുന്നത്. ഇതുവച്ച് സമീപകാല വില വര്‍ദ്ധനവിനെ വിശദീകരിക്കാനാവില്ല.

കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ എന്തിന് കൈകെട്ടിയിരിക്കണം? റിഫൈനറിയില്‍ നിന്ന് 24.89 രൂപയ്ക്കു വാങ്ങുന്ന പെട്രോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യാപാരികള്‍ക്കു വില്‍ക്കുന്നത് 27.33 രൂപയ്ക്കാണ്. ഇത് കഴിഞ്ഞ ജൂണ്‍ 17ലെ കണക്ക്. 9.8 ശതമാനമായിരുന്നു മാര്‍ജിന്‍. സെപ്തംബറിലെ കണക്കെടുത്താല്‍ റിഫൈനറികളില്‍ നിന്ന് 26.65 രൂപയ്ക്കാണ് പെട്രോള്‍ വാങ്ങുന്നത്. വില്‍ക്കുന്നത് 30.70 രൂപയ്ക്കും. മാര്‍ജിന്‍ 15.19 ശതമാനം.

എണ്ണവില ഇഷ്ടംപോലെ നിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശം എടുത്തുകളയണം. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്‌സൈസ് നികുതിയില്‍ വരുത്തിയ വര്‍ദ്ധന പിന്‍വലിക്കണം. ഇതാവണം നമ്മുടെ മുദ്രാവാക്യം.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധനവില കൊള്ള തോമസ് ഐസക്ക് തുറന്നു കാണിക്കുന്നത്.
 

Related News

കൂടുതൽ വാർത്തകൾ »