22 October Monday

തൃപ്പൂണിത്തുറ കവര്‍ച്ചാസംഘത്തിന്റെ അറസ്റ്റ് : തെളിഞ്ഞത് പൊലീസിന്റെ കാര്യക്ഷമത

വെബ് ഡെസ്‌ക്‌Updated: Thursday Jan 11, 2018

കൊച്ചി > തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ കൊച്ചി പൊലീസ് പിടികൂടിയത് രാജ്യത്തെതന്നെ ഏറ്റവും കുപ്രസിദ്ധരായ സംഘത്തിന്റെ തലവനുള്‍പ്പെടെയുള്ളവരെ. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രാജ്യത്തിനും പുറത്തുംവരെ കവര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ സംഘത്തെ കേരളത്തിലെത്തി കവര്‍ച്ച നടത്തി ഒരു മാസത്തിനുള്ളില്‍ പിടികൂടിയത് കേരള പൊലീസിന്റെ കാര്യക്ഷമതയ്ക്കുള്ള  അംഗീകാരം കൂടിയായി.

സംസ്ഥാനത്തെതന്നെ നടുക്കിയ ക്രൂരമായ കവര്‍ച്ചയാണ് കഴിഞ്ഞ 16ന് തൃപ്പുണിത്തുറയില്‍ അരങ്ങേറിയത്.  സംഭവത്തെ അതീവ ഗൌരവതരമായി കണ്ട പൊലീസ് ശാസ്ത്രീയമായും പഴുതടച്ചും നടത്തിയ അന്വേഷണത്തിലാണ് സംഘത്തലവനുള്‍പ്പെടെയുള്ളവരെ ഡല്‍ഹിയില്‍നിന്ന് പിടികൂടിയത്. സംഭവം നടന്ന പിറ്റേന്നുതന്നെ സൈബര്‍ സെല്ലിന്റെയും ഷാഡോ പൊലീസിന്റെയും സഹായത്തോടെ വിപുലമായ അന്വേഷണസംഘത്തെ നിയോഗിച്ചു. സിറ്റി പൊലീസ് കമീഷണര്‍ എം പി ദിനേശിന്റെ നേതൃത്വത്തിലായിരുന്നു സംഘം. ഈ സംഘത്തെ 10 ടീമുകളായി തിരിച്ച് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലടക്കം അന്വേഷണത്തിനയച്ചു.  സംഘത്തെ സഹായിക്കാനും ശാസ്ത്രീയ വിവരങ്ങള്‍ കൈമാറാനുമായി  കൊച്ചിയിലും ഒരുസംഘം ഉറക്കമൊഴിഞ്ഞു പ്രവര്‍ത്തിച്ചു.

മോഷണവിവരം പുറത്തറിഞ്ഞയുടന്‍ തന്നെ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനരീതിയില്‍ നടന്ന മോഷണങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. ആറു വര്‍ഷംമുമ്പ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാനരീതിയില്‍ മോഷണം നടന്നതായി കണ്ടെത്തി. പത്തിലധികം പേരുള്ള വന്‍ സംഘമായാണ് ഇവര്‍ മോഷണത്തിനെത്തുന്നതെന്നും ട്രെയിനിലെത്തി കവര്‍ച്ച നടത്തിയ ശേഷം ട്രെയിനില്‍ തിരികെ മടങ്ങി മറ്റൊരിടത്ത് കവര്‍ച്ച നടത്തുകയാണ് സംഘത്തിന്റെ രീതിയെന്നും മനസ്സിലാക്കി. പകല്‍ ട്രെയിനില്‍ വന്നിറങ്ങി ട്രാക്കിലൂടെ നടന്ന് സമീപത്തെ ആളൊഴിഞ്ഞ വീടുകള്‍ കണ്ടെത്തി രാത്രിയാണ് കവര്‍ച്ച. വീട്ടുകാര്‍ ഉറക്കത്തിലാകുന്ന സമയമാണ് ആക്രമണം. എതിരിടുന്നവരെ മാരാകായുധങ്ങളുപയോഗിച്ച് അപായപ്പെടുത്തും. വീട് അരിച്ചുപെറുക്കി വിലപിടിപ്പുള്ളവയെല്ലാം കവര്‍ന്ന് രക്ഷപ്പെടുകയാണ് പതിവ്.

മോഷണം നടന്ന വീടിന്റെ ഭാഗത്തേക്ക് സംഭവം നടന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് നാലുപേര്‍ നടന്നുപോകുന്നതിന്റെയും പിന്നീട് എട്ടുപേര്‍ തിരികെ ഓടിപ്പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. മോഷണം നടന്ന രാത്രി തൃപ്പൂണിത്തുറ സെന്‍ട്രല്‍ തിയറ്ററില്‍ രണ്ടു ഹിന്ദിക്കാര്‍ ടിക്കറ്റെടുക്കാന്‍ കൌണ്ടറിലെത്തി. പിന്നീട് മറ്റൊരാളെത്തി 11 ടിക്കറ്റ് വാങ്ങി. ഈ രണ്ടു സ്ഥലങ്ങളിലെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതേത്തുടര്‍ന്ന് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് മോഷണം നടത്തിയതെന്ന് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് പള്ളുരുത്തി സിഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹി പൊലീസിന്റെകൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി ഉള്‍പ്പെടെ പിടിയിലായത്. സംഘത്തില്‍പ്പെട്ട മറ്റുള്ളവരെയും ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഘത്തില്‍ പലപ്പോഴായി ഉണ്ടായിരുന്നവരടക്കം വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പുല്ലേപ്പടിയില്‍ നടന്ന കവര്‍ച്ചയ്ക്കു പിന്നില്‍ ഈ സംഘത്തിന്റെ തന്നെ ഭാഗമായിരുന്ന ബംഗാള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച: 3 പ്രതികള്‍ ഡല്‍ഹിയില്‍ പിടിയില്‍

കൊച്ചി > തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ പതിനൊന്നംഗ സംഘത്തിലെ മൂന്നുപേര്‍ ഡല്‍ഹിയില്‍ പൊലീസ് പിടിയില്‍. അര്‍ഷദ്, റോണി, ഷെഹ്ഷാദ് എന്നിവരാണ് പിടിയിലായത്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ ഇവരില്‍നിന്നു കണ്ടെടുത്തു. കേരളഡല്‍ഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് ഇവര്‍ അറസ്റ്റിലായത്. മൂവരെയും ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവരാന്‍വാറന്റ് വാങ്ങി. ഞായറാഴ്ച കേരളത്തിലെത്തിക്കും.
അര്‍ഷദാണ് സംഘത്തലവന്‍. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. എട്ടുപേര്‍കൂടി പിടിയിലാകാനുണ്ട്. ഷെഹ്ഷാദ് ബംഗ്ളാദേശ് സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടുപേര്‍ ഡല്‍ഹി സ്വദേശികളും. പള്ളുരുത്തി സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്്. മൂന്നാഴ്ച നീണ്ട അന്വേഷണത്തിലൊടുവിലാണ് പ്രതികള്‍ പിടിയിലായത്. അന്തര്‍ സംസ്ഥാന കൊള്ളസംഘത്തെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന് നേട്ടമായി.

ഡിസംബര്‍ 15, 16 തീയതികളിലാണ് എറണാകുളത്തും തൃപ്പൂണിത്തുറയിലും വീട്ടുകാരെ കെട്ടിയിട്ടു കവര്‍ച്ച നടത്തിയത്. എറണാകുളത്തെ ബാബുമൂപ്പന്റെ ഭാര്യയുടെ മാതാപിതാക്കളായ ഇല്ലിപ്പറമ്പില്‍ ഇസ്മയില്‍, സൈനബ എന്നിവരെ കെട്ടിയിട്ട് അഞ്ചുപവനും എരൂരില്‍നിന്ന് 50 പവനും 20,000 രൂപയുമാണ് കവര്‍ന്നത്. തൃപ്പൂണിത്തുറ ഏരൂര്‍ എസ്എംപി റോഡില്‍ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലു തകര്‍ത്തു കമ്പി ഇളക്കി മാറ്റിയാണു സംഘം അകത്തുകടന്നത്. തടഞ്ഞ ആനന്ദകുമാറിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. ഭാര്യ ഷാരിയെ കുളിമുറിലും അമ്മയെയും രണ്ടുമക്കളെയും മുറിയിലും പൂട്ടിയിട്ടു. പ്രതികളെ പിടിക്കാന്‍ കമീഷണര്‍ പി ദിനേശിന്റെയും അസിസ്റ്റന്റ് കമീഷണര്‍ കെ ലാല്‍ജിയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top