15 December Saturday

ആർഎസ്എസ് ഭീഷണി നേരിടാൻ കൂട്ടായ്മ വേണം: ടി എം കൃഷ്ണ

അഞ്ജുനാഥ്Updated: Friday Mar 9, 2018



കൊച്ചി > ആർഎസ്എസ് ഉയർത്തുന്ന ഭീഷണി നേരിടാൻ ഇന്ത്യയിൽ രാഷ്ട്രീയ പുനഃക്രമീകരണം വേണമെന്ന് പ്രശസ്ത സംഗീതജ്ഞൻ ടി എം കൃഷ്ണ. അടിയന്തരമായി ഇക്കാര്യം യാഥാർഥ്യമാക്കണം. ഏകരൂപത്തിലുള്ള സവർണഹിന്ദുത്വം എന്ന ആശയം ഇന്ത്യയിൽ നടപ്പാക്കാനാണ് വലതുപക്ഷ ആശയം പിന്തുടരുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇതു ചെറുക്കാൻ ദ്രാവിഡർ, മുസ്ലിങ്ങൾ, ദളിത്, ആദിവാസി, ഭാഷാന്യൂനപക്ഷങ്ങൾ തുടങ്ങിയവരെല്ലാം ഒരുമിക്കണം. സ്ത്രീകളെയും ഇതിനൊപ്പം അണിനിരത്തണമെന്ന് ടി എം കൃഷ്ണ പറഞ്ഞു. എറണാകുളത്ത് സാഹിത്യവിജ്ഞാനോത്സവത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു.

ലെനിന്റെയും അംബേദ്കറുടെയും പെരിയോറുടെയും പ്രതിമകൾ തകർക്കുന്നത് സ്വാതന്ത്ര്യത്തിനും കലയ്ക്കും എതിരെയുള്ള ആക്രമണമാണ്. കലാകാരൻ മാസങ്ങൾ നീണ്ട സപര്യയ്ക്കൊടുവിലാണ് പ്രതിമ പൂർത്തിയാക്കുന്നത്. ഇതാണ് രണ്ടു നിമിഷംകൊണ്ട് തകർത്തെറിയുന്നത്. ആവിഷ്കാരസ്വാതന്ത്ര്യം ഇവിടെ ഇല്ലാതാവുകയാണ്. ഇക്കാര്യം ആരും ചർച്ചചെയ്യുന്നില്ല.  രാജ്യത്ത് കലാകാരന്മാർ എന്താണോ ചെയ്യേണ്ടിയിരുന്നത് അത് ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. അതാണ് അസഹിഷ്ണുതയും ആക്രമണവും വർധിക്കാൻ കാരണം. കലയെ വിമർശവിധേയമാക്കാൻ കലാകാരന്മാർ തയ്യാറായില്ല. ഇത് ഫാസിസ്റ്റ് ആശയങ്ങൾ ഉപയോഗിച്ച് കലയെ വഴിതെറ്റിക്കാൻ സമ്മതം നൽകലായി. ചോദ്യംചെയ്യാൻ മടിക്കാതിരിക്കുക, ഭയരഹിതനായിരിക്കുക, സ്വാതന്ത്ര്യ‐സമത്വ ബോധമുണ്ടാവുക എന്നിവയാണ് കലാകാരന്മാരിൽനിന്ന് ഇന്നത്തെ സമൂഹം പ്രതീക്ഷിക്കുന്നത്. താൻ ദേശീയതയിലോ രാജ്യസ്നേഹത്തിലോ വിശ്വസിക്കുന്നില്ലെന്നും മനുഷ്യത്വത്തിൽ മാത്രമാണ് വിശ്വാസമെന്നും ടി എം കൃഷ്ണ പറഞ്ഞു.

കേരളം പല കാര്യങ്ങളിലും മാതൃകയായ സംസ്ഥാനമാണ്. ഇവിടെ എല്ലാ മതവിശ്വാസികളും തുല്യസ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്നു. ഇത്തരം അവസ്ഥയാണ് രാജ്യത്തൊട്ടാകെ വേണ്ടത്.  കേരളത്തിലായിരിക്കുമ്പോൾ ഞാൻ വളരെയധികം സുരക്ഷിത്വവും സമാധാനവും അനുഭവിക്കുന്നു. കലാകാരന്മാർക്ക് വളരാൻ മികച്ച സാഹചര്യങ്ങൾ ഇവിടെയുണ്ട്. പക്ഷെ കേരളത്തെയും ഫാസിസ്റ്റ്ശക്തികൾ ലക്ഷ്യമിട്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ സാംസ്കാരിക പ്രവർത്തനങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ഉണ്ടാകണം‐ ടി എം കൃഷ്ണ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top