21 September Friday

മിനിമം താങ്ങുവില : വീണ്ടും കേന്ദ്രത്തിന്റെ കർഷകവഞ്ചന

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018


സ്വന്തം ലേഖകൻ
ന്യൂഡൽഹി
സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില നൽകാതെ വീണ്ടും കേന്ദ്രസർക്കാരിന്റെ കർഷകവഞ്ചന. വിവിധ വിളകളുടെ മിനിമം താങ്ങുവില വർധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭായോഗ തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കർഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗിമ്മിക്ക‌് മാത്രമായി.

ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത് വിളകൾക്ക് മിനിമം താങ്ങുവില നൽകണമെന്ന നിർദേശമാണ് അട്ടിമറിച്ചത്. നെല്ല‌്, ഉഴുന്ന്, പരിപ്പ്, പരുത്തി ഉൾപ്പെടെ 14 ഖാരിഫ് വിളയുടെ താങ്ങുവിലയാണ് മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി വർധിപ്പിച്ചത്.

വെറും 12.90 ശതമാനം വർധനയാണ് നെല്ലിന്റെ താങ്ങുവിലയിൽ ഉള്ളത്. പൊതുവിഭാഗം നെല്ലിന്റെ മിനിമം താങ്ങുവില ക്വിന്റലിന് കേവലം 200 രൂപ വർധിപ്പിക്കാനാണ‌് തീരുമാനം. ഇതോടെ താങ്ങുവില 1750 രൂപയായി. എ ഗ്രേഡ് നെല്ലിന്റെ മിനിമം താങ്ങുവില 180 രൂപ വർധിപ്പിച്ച് 1770 രൂപയാക്കി.
സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരം ഉയർന്ന താങ്ങുവില ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് മോഡി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ, നാലുവർഷം പിന്നിട്ടിട്ടും ഇതടക്കം കാർഷിക മേഖലയ്ക്ക് അനുകൂലമായി ഒരു തീരുമാനവും എടുത്തില്ല. വിളകൾ, വളം, കീടനാശിനി എന്നിവയുടെ ചെലവ്, അധ്വാനം, ഭൂമിയുടെ മുതൽമുടക്ക്, ഗതാഗതച്ചെലവ് തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി ഉൽപ്പാദനച്ചെലവ് കണക്കാക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ അട്ടിമറിച്ചു.

പ്രഖ്യാപിച്ച മിനിമം താങ്ങുവിലപ്രകാരം വിളകൾ ഏറ്റെടുക്കുന്നതിന‌് സംവിധാനമൊ‌രുക്കാനും സർക്കാർ തയ്യാറായിട്ടില്ലെന്ന് അഖിലേന്ത്യാ കിസാൻസഭ ചൂണ്ടിക്കാട്ടി.

ആന്ധ്രയിൽ 2017‐18ൽ ഒരു ക്വിന്റൽ അരി ഉൽപ്പാദിപ്പിക്കാൻ ആകെ ചെലവ് 1866 രൂപയാണ്. എന്നാൽ, കേന്ദ്രകമീഷൻ കണക്കാക്കിയത് വെറും 1495 രൂപയാണ്. ആന്ധ്ര ആവശ്യപ്പെട്ട താങ്ങുവില 2799 രൂപയാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ചത്തീസ്ഗഡ‌്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ 2017‐18ൽ നിർദേശിച്ചത് ക്വിന്റലിന് യഥാക്രമം 3251, 2200, 2700 രൂപയാണ്. മറ്റ് പ്രധാന നെല്ലുൽപ്പാദക സംസ്ഥാനങ്ങളായ തമിഴ്നാട് 2300 രൂപയാണ് താങ്ങുവില ആവശ്യപ്പെട്ടത്. കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ 1550 രൂപ നെല്ലിന് താങ്ങുവില പ്രഖ്യാപിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ 800  മുതൽ 1200 രൂപവരെ നൽകിയാണ് കർഷകരിൽനിന്ന് ഏറ്റെടുത്തത്. കേരളത്തിലെ സർക്കാർ ഇപ്പോൾത്തന്നെ ക്വിന്റലിന് 2350 രൂപ നിരക്കിലാണ് നെല്ല് ഏറ്റെടുക്കുന്നത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി മോശമാണെന്ന് കിസാൻസഭ പ്രസ‌്താവനയിൽ പറഞ്ഞു.

പ്രധാന വാർത്തകൾ
Top