Top
20
Wednesday, September 2017
About UsE-Paper
ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന കത്ത് കിട്ടി

'ഞാന്‍ വിട വാങ്ങുന്നു, സ്വപ്നങ്ങള്‍ തകര്‍ന്നു, ജീവിതവും'

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു മരിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പെന്ന് കരുതുന്ന കത്ത് കണ്ടെത്തി. 'ഞാന്‍ വിട വാങ്ങുന്നു. എന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു. ജീവിതവും' എന്നാണ് ഇംഗ്ളീഷിലെഴുതിയ കത്തിന്റെ സാരാംശം. കുറിപ്പ് ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജിഷ്ണുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കുളിമുറിയുടെ ഓവുചാലില്‍നിന്നാണ് കുറിപ്പ് കണ്ടെത്തിയത്.

കോളേജ് ഹോസ്റ്റലില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘംജിഷ്ണു മരിച്ചനിലയില്‍ കണ്ടെത്തിയ കുളിമുറി പരിശോധിച്ചു. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെയും ചുമതലയിലുണ്ടായിരുന്ന അധ്യാപകരെയും ചോദ്യം ചെയ്തു. കുട്ടികളുടെ മൊഴിയും രേഖപ്പെടുത്തി. ഏഴ് എസ്ഐമാരുള്‍പ്പെടെ 18 അംഗ അന്വേഷകസംഘം ബുധനാഴ്ച രാവിലെ പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഫയലുകള്‍ പരിശോധിച്ചു. 
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. എന്നാല്‍, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്  ബിജു സ്റ്റീഫനെ സസ്പെന്‍ഡ് ചെയ്തതായി ഉത്തരവിറങ്ങിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കി. ഇരിങ്ങാലക്കുട എസിപി കിരണ്‍ നാരായണനാണ്  അന്വേഷണച്ചുമതല.

അതിനിടെ, കോളേജ് ഹോസ്റ്റലില്‍നിന്ന് വിദ്യാര്‍ഥികളോട് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നെഹ്റു കോളേജ് അധികൃതര്‍ രഹസ്യ സര്‍ക്കുലര്‍ ഇറക്കിയത് തര്‍ക്കത്തിനിടയാക്കി. സര്‍വകലാശാല പരീക്ഷകള്‍ ഉണ്ടായിട്ടും, ഹോസ്റ്റല്‍ ഒഴിഞ്ഞുപോകാനാണ്  സര്‍ക്കുലര്‍. വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. ദൂരദിക്കിലുള്ളവര്‍ ഹോസ്റ്റലില്‍ തുടരുകയാണ്.