26 September Wednesday

രാജ്യവ്യാപകമായി സ്റ്റുഡന്റ് കേഡറ്റ് പൊലീസ് സംവിധാനം; അഭിമാനത്തോടെ കേരളം

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

ന്യൂഡൽഹി > കേരളത്തിന്റെ അഭിമാനമായ സ്റ്റുഡന്റ് കേഡറ്റ് പൊലീസ് സംവിധാനം രാജ്യവ്യാപകമായി. എല്ലാ സംസ്ഥാനങ്ങളിലും സ്റ്റുഡന്റ്‌കേഡറ്റ് പൊലീസ് സംവിധാനം വ്യാപിപ്പിക്കുന്ന പദ്ധതി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ‌് നിർവഹിച്ചു. കേരളത്തിൽനിന്ന‌് ഐജി പി വിജയന്റെ നേതൃത്വത്തിലുള്ള 20 കേഡറ്റുകളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം അഭിമാനമുഹൂർത്തത്തിന് സാക്ഷികളായി. പൊലീസും പൊതുജനങ്ങളുമായുള്ള അകലം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസർക്കാർ മുൻകൈ എടുത്ത് സ്റ്റുഡന്റ്‌കേഡറ്റ് പദ്ധതിക്ക് രൂപംകൊടുത്തത്.

ഗതാഗതനിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്റ്റുഡന്റ്‌കേഡറ്റ് പദ്ധതിയിലൂടെ വിദ്യാർഥികൾ പങ്കാളികളായതോടെയാണ് പദ്ധതി ദേശീയശ്രദ്ധ ആകർഷിക്കുന്നത്. തുടർന്ന്, കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചു.

ഗുരുഗ്രാമിലെ താവൂദേവിലാൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന് സ്റ്റുഡന്റ്‌കേഡറ്റ് പതാക ഹരിയാന ഡിജിപി ബി എസ് സന്ധു കൈമാറി.

കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കർ, റാവു ഇന്ദർജിത‌് സിങ‌്, ഹൻസ്‌രാജ് ഗംഗാറാം അഹിർ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽനിന്ന‌് എസ്‌പി വി യു കുര്യാക്കോസ്, എസ്‌ഐ ആർ അജിത്കുമാർ, എഎസ്‌ഐ സുരേഷ്ബാബു, സിപിഒ കെ ഷിബു, ബിന്ദു ഭാസ്‌കർ, എം രമ്യ തുടങ്ങിയവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചതോടെ കേന്ദ്രസർക്കാർ സഹായം വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐജി വിജയൻ പ്രതികരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top