20 April Friday

സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

തിരുവനന്തപുരം > സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു.  ആരോഗ്യ മന്ത്രി കെകെ ശൈലജയുമായി കെജിഎംഒഎ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്  ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. ആര്‍ദ്രം പദ്ധതിയുമായും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍  വൈകുന്നേരം വരെയുള്ള  ഒപിയുമായും ഡോക്ടര്‍മാര്‍ സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരെ  ഉറപ്പുവരുത്തും. നിലവിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാരുണ്ട്. ഇനി തുടങ്ങാനിരിക്കുന്നതിലും മൂന്ന് ഡോക്ടര്‍മാരുണ്ടാകും. ഡോക്ടര്‍ ലീവെടുക്കുന്ന  ദിവസം പകരം സംവിധാനമേര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന ഒരു റിസര്‍വ് ടീമുണ്ടാക്കും.

 ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചില കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ കെജിഎംഒഎ ചൂണ്ടിക്കാണിച്ചു. അത്തരം കാര്യങ്ങള്‍ പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി ഉണ്ടാക്കിക്കൊണ്ട്; ആ സമിതി പറയുന്ന കാര്യങ്ങള്‍ പരിശോധിക്കുകയും, നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയില്‍ വിശദീകരിച്ചതായും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സംഘടനാ പ്രതിനിധികള്‍ക്ക് കാണാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.

 ജോലിയില്‍ പ്രവേശിക്കാത്തതിന്റെ പേരില്‍ ഒരു ഡോക്ടറെ സസ്‌പെന്റ് ചെയ്തിരുന്നു. ഇയാളെ തിരിച്ചെടുക്കണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇനി ഇത്തരം തെറ്റായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല എന്നെഴുതി നല്‍കിയാല്‍ ജോലിയില്‍ തിരിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.  പെട്ടെന്നൊരു ദിവസം രാത്രി സമരം പ്രഖ്യാപിച്ച് രോഗികളേയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നത് ഇനി ആവര്‍ത്തിക്കാനാകില്ല.ആര്‍ദ്രം പദ്ധതിയുമായി കെജിഎംഒഎ അടക്കമുള്ള മുഴുവന്‍ സംഘടനയും സഹകരിക്കണം. അപ്രതീക്ഷിതമായി  സമരം തുടങ്ങിയ ഡോക്ടര്‍മാരുടെ നിലപാടില്‍ ആരോഗ്യ മന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി

 

പ്രധാന വാർത്തകൾ
Top