24 September Monday

മികച്ച സിനിമ ഒറ്റമുറിവെളിച്ചം, നടൻ ഇന്ദ്രൻസ്‌, നടി പാർവതി, സംവിധായകൻ ലിജോ ജോസ്‌ പെല്ലിശ്ശേരി

വെബ് ഡെസ്‌ക്‌Updated: Thursday Mar 8, 2018


തിരുവനന്തപുരം> സംസ്‌ഥാന  സർക്കാറിന്റെ 48ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ഒറ്റമുറി വെളിച്ചമാണ്‌ മികച്ച സിനിമ. നടനായി ഇന്ദ്രൻസിനെയും(ആളൊരുക്കം),  നടിയായി പാർവതിയെയും(ടേക്ക്‌ ഓഫ്‌) സംവിധായകനായി ലിജോ ജോസ്‌ പെല്ലിശ്ശേരിയേയും (ഈ.മ.യൗ,)പ്രഖ്യാപിച്ചു.  മന്ത്രി എ കെ ബാലനാണ്‌ അവാർഡുകൾ പ്രഖ്യാപിച്ചത്‌. രാഹുൽ റിജി നായരാണ്‌ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ. സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്‌ത ഏദനാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സ്വഭാവ നടന്‍ അലൻസിയർ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും), മികച്ച സ്വഭാവ നടി പോളി വൽസലൻ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം).വി സി അഭിലാഷാണ്‌ ആളൊരുക്കത്തിന്റെ സംവിധായകൻ.

ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ  പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് പാര്‍വ്വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ ചാര്‍ലിയിലെ അഭിനയത്തിലൂടെ പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ഇ മ യു എന്ന ചിത്രമാണ് പെല്ലിശ്ശേരിയെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്.

കഥാകൃത്ത് - എം.എ. നിഷാദ് (കിണര്‍)
തിരക്കഥാകൃത്ത് - സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മേക്കപ്പ്മാന്‍ - രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

ചിത്ര സംയോജകന്‍ - അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകന്‍ - സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
നവാഗത സംവിധായകന്‍ - മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം - സ്വനം
പ്രത്യേക ജൂറി അവാര്‍ഡ് (അഭിനയം) - വിനീതാകോശി (ഒറ്റമുറിവെളിച്ചം)

ബാലതാരങ്ങള്‍ - മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)
സംഗീതസംവിധായകന്‍ - എം.കെ. അര്‍ജുനന്‍ (ഭയാനകത്തിലെ ഗാനങ്ങള്‍)
ഗായകന്‍ - ഷഹബാസ് അമന്‍ (മായാനദി)
ഗായിക - സിതാര കൃഷ്ണകുമാര്‍ (വിമാനം)

ക്യാമറ - മനേഷ് മാധവ് (ഏദന്‍)
കലാമൂല്യമുള്ള ജനപ്രിയ സിനിമ - രക്ഷാധികാരി ബൈജു
പശ്ചാത്തല സംഗീതം - ഗോപീസുന്ദര്‍ (ടേക്ക് ഓഫ്)
ഗാനരചയിതാവ് - പ്രഭാവര്‍മ (ക്ലിന്റ്)

തിരക്കഥ (അഡാപ്‌റ്റേഷന്‍) - എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ (ഏദന്‍)
വസ്ത്രാലങ്കാരം - സലി എല്‍സ (ഹേ ജൂഡ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) - അച്ചു അരുണ്‍ കുമാര്‍ (തീരം)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) - എം. സ്‌നേഹ (ഈട)

നൃത്ത സംവിധായകന്‍ - പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം - പ്രമോദ് തോമസ് (ഏദന്‍)
ശബ്ദ ഡിസൈന്‍ - രംഗനാഥ് രവി (ഈ.മ.യൗ)
ലബോറട്ടറി / കളറിസ്റ്റ് - ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം)
സിങ്ക് സൗണ്ട് - പി.ബി. സ്മിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)

ടി വി ചന്ദ്രൻ അധ്യക്ഷനായ ജൂറിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌.ജൂറിയിൽ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ്  മെംബർ സെക്രട്ടറി. പുരസ്‌ക്കാര ജേതാക്കളിൽ 78 ശതമാനം പേരും ആദ്യമായാണ്‌ സംസ്‌ഥാന പുരസ്‌ക്കാരം നേടുന്നത്‌. 

 

പ്രധാന വാർത്തകൾ
Top