21 September Friday

നിപായും കാലവർഷക്കെടുതിയും ; എസ‌്എസ‌്എൽസി പരീക്ഷ നീട്ടിയേക്കും

എം വി പ്രദീപ‌്Updated: Wednesday Aug 1, 2018


തിരുവനന്തപുരം
കാലവർഷക്കെടുതിയിൽ തുടർച്ചയായി അധ്യയന ദിനങ്ങൾ മുടങ്ങുന്നതിനാൽ ഈ വർഷത്തെ എസ‌്എസ‌്എൽസി പരീക്ഷ നീട്ടിയേക്കും. മാർച്ച‌് അവസാനവാരം ആരംഭിച്ച‌് ഏപ്രിൽ ആദ്യവാരം അവസാനിപ്പിക്കുന്ന വിധത്തിൽ ടൈംടേബിൾ ക്രമീകരിക്കാനാണ‌് വിദ്യാഭ്യാസവകുപ്പ‌് ആലോചന.  ഇതു സംബന്ധിച്ച ശുപാർശ വ്യാഴാഴ‌്ച ചേരുന്ന ക്യുഐപി യോഗത്തിൽ മുന്നോട്ടുവയ‌്ക്കും.

ഒരു അധ്യയനവർഷത്തിൽ കുറഞ്ഞത‌് 200 പ്രവൃത്തി ദിനം ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ സ‌്കൂൾ തുറക്കുന്നതിന‌ുമുമ്പ‌ുതന്നെ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നിപാ വൈറസ‌് ബാധയെത്തുടർന്ന‌് മലപ്പുറം, കോഴിക്കോട‌്, വയനാട‌് റവന്യൂ ജില്ലയിലും തലശേരി വിദ്യാഭ്യാസ ജില്ലയിലും സ‌്കൂൾ തുറന്നത‌് രണ്ടാഴ‌്ചയോളം വൈകിയാണ‌്. അതിരൂക്ഷമായ  കാലവർഷത്തിൽ എല്ലാ ജില്ലയിലും നിരവധി പ്രവൃത്തിദിനങ്ങൾ നഷ്ടപ്പെട്ടു. കുട്ടനാട്ടിലും കോട്ടയത്തും പല സ‌്കൂളുകളും ഇപ്പോഴും വെള്ളത്തിലാണ‌്. നിരവധി സ‌്കൂളുകൾ ദുരിതാശ്വാസകേന്ദ്രങ്ങളായി മാറിയതിനാൽ ക്ലാസുകൾ നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ‌് എസ‌്എസ‌്എൽസി പരീക്ഷ ഏപ്രിൽ ആദ്യവാരം തീർക്കുന്നവിധം പുനഃക്രമീകരിക്കാൻ ആലോചിക്കുന്നത‌്. കാലവർഷക്കെടുതി തുടരുന്നതിനാൽ സ‌്കൂൾ കലോത്സവം, കായികമേള എന്നിവയുടെ തീയതികളിലും മാറ്റം വേണോ എന്നതും  ക്യുഐപി ചർച്ച ചെയ്യും.

പ്രധാന വാർത്തകൾ
Top