20 September Thursday

സ‌്പിൽ ഓവർ പദ്ധതികൾക്ക്‌ പ്രത്യേക വിഹിതം ; തദ്ദേശസ്ഥാപനങ്ങൾക്ക‌് അധികം ലഭിക്കുക 1400 കോടിയോളം

റഷീദ‌് ആനപ്പുറംUpdated: Tuesday May 15, 2018



തദ്ദേശ സ്ഥാപനങ്ങളിലെ സ‌്പിൽഓവർ (മുൻ സാമ്പത്തിക വർഷം പൂർത്തിയാകാത്തവ)  പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാർ പ്രത്യേക ഫണ്ട‌് നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക‌് ബജറ്റിൽ അനുവദിച്ച  ഫണ്ടുകൾക്ക‌ു പുറമെയാണ‌് പ്രത്യേക ഫണ്ട‌് നൽകുക. വികസന ഫണ്ടിന്റെ  20 ശതമാനംവരെ അധിക വിഹിതം  ലഭിക്കും.  2018‐19 സാമ്പത്തിക വർഷം 7000 കോടിരൂപയാണ‌് തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ട‌്. അതിനാൽ 1400 കോടിയോളം രൂപ  സ‌്പിൽ ഓവർ പദ്ധതികളുടെ പൂർത്തീകരണത്തിനായി ലഭിക്കും.  ട്രഷറികളിൽ സമർപ്പിച്ച‌ ക്യൂ ബില്ലുകൾക്കും ലൈഫ‌് മിഷൻ ഭവന പദ്ധതികൾക്കുമാകും ഇതിന്റെ ഗുണം ലഭിക്കുക.

നടപ്പു സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 7000 കോടിക്കു പുറമെ  റോഡ‌് മെയിന്റനൻസ‌്, നോൺ റോഡ‌് മെയിന്റനൻസ‌്, മറ്റു വിഹിതം എന്നീ വിഭാഗങ്ങളിൽ ബജറ്റിൽ 3770.59 കോടി രൂപകൂടി   വകയിരുത്തിയിരുന്നു. അതിനാൽ 10,770.59 കോടിരൂപയാണ‌് തദ്ദേശ സ്ഥാപനങ്ങൾക്ക‌്  ആകെ ലഭിക്കുക. സ‌്പിൽ ഓവർ പദ്ധതികൾക്കായി പ്രത്യേകം ലഭിക്കുന്നത‌് 1400 കോടി രൂപയായി കണക്കാക്കിയാൽ ആകെ ഫണ്ട‌് 12,170.59 കോടിരൂപയായി ഉയരും.

2017‐18 സാമ്പത്തിക വർഷത്തെ സ‌്പിൽ ഓവർ പദ്ധതികൾക്കാണ‌് പുതിയ തീരുമാനം ബാധകമാകുക.ഇതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളും മുൻ വാർഷിക പദ്ധതികളിൽ  2018 മാർച്ച‌് 31ന‌്  നിർവഹണം പൂർത്തിയാകാത്തവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച‌് ഏതൊക്കെ പദ്ധതികൾ തുടരുണ്ടേതുണ്ടെന്ന‌ു  കണ്ടെത്തണം. നടപ്പാക്കേണ്ടതുണ്ടെന്ന‌്  നിർബന്ധമായും കണ്ടെത്തുന്ന പദ്ധതികളെ രണ്ട‌ു വിഭാഗമായി തിരിച്ച‌് ആദ്യ വിഭാഗത്തിനാകും പ്രത്യേക ഫണ്ട‌് നൽകുക.

2017‐18 വാർഷിക പദ്ധതിയിലെ പുതിയ പദ്ധതികളിൽ 2018 ഏപ്രിൽ ഒന്നിന‌ു മുമ്പ‌് നിർവഹണം ആരംഭിച്ചതും ഭേഗദഗതിയില്ലാതെ സ‌്പിൽ ഓവറായി തുടരേണ്ടതുമായ പദ്ധതികൾ,  2018 മാർച്ച‌് അവസാനം ട്രഷറികളിൽ സമർപ്പിച്ചിട്ടും പണം നൽകാനാകാത്ത ക്യൂ ലിസ്റ്റിൽ ഉൾപ്പെടുത്തിയുള്ള ബില്ലുകളുമായി ബന്ധപ്പെട്ട  പദ്ധതികൾ, ലൈഫ‌് മിഷൻ പദ്ധതികൾ  എന്നിവയാണ‌് പ്രത്യേക വിഹിതത്തിന‌് അർഹതയുള്ള  ആദ്യവിഭാഗം.

ഈ പദ്ധതികൾക്ക‌്   2018‐19ലെ ബജറ്റ‌് വിഹിതത്തിൽ കൊണ്ടുവരാതെതന്നെ പണം ലഭിക്കും.  എന്നാൽ, അധിക വിഹിതം തുടക്കത്തിൽതന്നെ അനുവദിക്കില്ല.  ബജറ്റ‌് വിഹിതം ഉപയോഗിച്ച‌് ഇവയുടെ പേമെന്റ‌് നൽകുകയും ബജറ്റ‌് വിഹിതം പൂർണമായി ഉപയോഗിച്ച‌ു കഴിയുന്ന മുറയ‌്ക്ക‌് അധിക വിഹിതം അനുവദിക്കുകയും ചെയ്യും. 

ആദ്യ വിഭാഗത്തിൽപെടാത്ത എല്ലാ സ‌്പിൽ ഓവർ പദ്ധതികള‌ും രണ്ടാംവിഭാഗത്തിൽപെടും. ഇവ പൂർത്തീകരിക്കാനുള്ള വിഹിതം 2018‐19ലെ ബജറ്റ‌് വിഹിതത്തിൽനിന്നു കണ്ടെത്തണം. 2017‐18ൽ നിർവഹണം ആരംഭിച്ച പുതിയ പദ്ധതികൾ ഭേദഗതിയോട‌ു കൂടിയാണ‌് 2018‐19ൽ തുടരുന്നതെങ്കിൽ അത്തരം പദ്ധതികൾക്കുവേണ്ട വിഹിതവും ബജറ്റ‌് വിഹിതത്തിൽനിന്നു കണ്ടെത്തണം.  എല്ലാ തദ്ദേശസ്ഥാപനങ്ങളും സ‌്പിൽഓവർ പദ്ധതികൾകൂടി ഉൾപ്പെടുത്തി 31നകം വാർഷിക പദ്ധതി  നടപ്പാക്കണം. ആദ്യ വിഭാഗത്തിൽപ്പെടുന്ന പദ്ധതികളുടെ പട്ടിക ജില്ലാ ആസുത്രണ സമിതിക്ക‌് സമർപ്പിക്കണം. 

കഴിഞ്ഞ സാമ്പത്തിക വർഷം സമാനമായ പദ്ധതി നടപ്പാക്കിയിരുന്നുവെങ്കിലും യഥാസമയം ധനവകുപ്പിനെ വിവരം അറിയിച്ച 29 തദ്ദേശ സ്ഥാപനങ്ങൾക്ക‌ു മാത്രമാണ‌് പ്രത്യേക ഫണ്ട‌് ലഭിച്ചത‌്. ഇത്തവണ ഫണ്ടിന്റെ ആവശ്യം നേരത്തെതന്നെ ധനവകുപ്പിനെ അറിയിക്കണമെന്ന‌് നിർദേശമുണ്ട‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top