14 December Friday

വിരമിച്ച പ്രവാസികള്‍ക്ക് യുഎഇയിൽ 5 വര്‍ഷ വിസ

അനസ് യാസിന്‍Updated: Tuesday Sep 18, 2018


മനാമ
വിരമിച്ചശേഷവും വിദേശികൾക്ക‌് രാജ്യത്ത് തങ്ങാനായി പ്രത്യേക വിസ നൽകാൻ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. നിശ്ചിത ഉപാധികളോടെ അഞ്ചുവർഷത്തേക്കായിരിക്കും വിസ. 55 വയസ്സ‌് പിന്നിട്ട് വിരമിച്ചശേഷം കൂടുതൽകാലം തങ്ങണമെന്ന് ആഗ്രഹമുള്ള പ്രവാസികൾക്കുവേണ്ടിയാണിത്. അപേക്ഷകന് യുഎഇയിൽ 20 ലക്ഷം ദിർഹം മൂല്യമുള്ള ഭൂനിക്ഷേപമോ പത്തു ലക്ഷം ദിർഹമിൽ കുറയാത്ത ബാങ്ക് നിക്ഷേപമോ  പ്രതിമാസം 20,000 ദിർഹമിൽ കുറയാത്ത വരുമാനമോ ഉണ്ടായിരിക്കണം. അടുത്തവർഷത്തോടെ ഇത് പ്രാബല്യത്തിൽ വരും.

ഇതടക്കം വിദേശ തൊഴിലാളികൾക്ക് ഗുണകരമാകുന്ന ഏഴ് വിസാ ഇളവുകളാണ് യുഎഇ ഈ വർഷം പ്രഖ്യാപിക്കുന്നത്. ഭർത്താവിന്റെ വിസ കലാവധിയിൽ നിൽക്കെ വിധവകളാകുന്നവരുടെയും വിവാഹമോചിതരാകുന്ന സ്ത്രീകളുടെയും വിസ കാലാവധി ഒരു വർഷത്തേക്ക‌് നീട്ടിനൽകുന്ന നിയമം ഇതിൽ പ്രധാനം. സ്വകാര്യമേഖലയിൽ വിദേശ തൊഴിലാളി വിസയ‌്ക്ക് 3000 ദിർഹംവീതം കെട്ടിവയ‌്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി പകരം ഓരോ തൊഴിലാളിക്കും 60 ദിർഹം വാർഷിക ഇൻഷുറൻസ് നിർബന്ധമാക്കി. തൊഴിൽ തേടി യുഎഇയിലെത്തി വിസ കാലാവധി കഴിഞ്ഞവർക്കായി ആറുമാസം ദൈർഘ്യമുള്ള വിസ അനുവദിക്കും. വിസ പുതുക്കാൻ രാജ്യത്തിനു പുറത്തുപോകേണ്ട. യുഎഇയിലെത്തുന്ന ട്രാൻസിറ്റ് വിസക്കാർക്ക് 48 മണിക്കൂർ സമയത്തേക്കുള്ള എൻട്രി ഫീസ് ഒഴിവാക്കി. ഇവർ 50 ദിർഹം അധികം അടച്ചാൽ ട്രാൻസിറ്റ‌് വിസ 96 മണിക്കൂർവരെ നീട്ടി നൽകും. വിദേശ വിദ്യാർഥികളുടെ സർവകലാശാലാ പഠനത്തിനുശേഷം അവരുടെ ആശ്രിതരായ രക്ഷിതാക്കളുടെ റെസിഡൻസി കാലാവധി രണ്ടുവർഷംകൂടി ദീർഘിപ്പിക്കും.

ഈ വർഷം അവസാനപാദത്തിൽ ഇവ പ്രാബല്യത്തിൽ വരും. ഡോക്ടർ, എൻജിനിയർ, ശാസ്ത്ര സങ്കേതിക വിദഗ്ധർ എന്നീ പ്രൊഫഷനുകളിൽ 10 വർഷം കാലാവധിയുള്ള വിസയും വിദ്യാർഥികൾക്ക് അഞ്ചുവർഷം കാലാവിധയുള്ള വിസയും പ്രഖ്യാപനത്തിൽ ഉൾപ്പെടും.


പ്രധാന വാർത്തകൾ
Top