Top
18
Saturday, November 2017
About UsE-Paper

ഉമ്മന്‍ചാണ്ടിക്ക് ബ്ളാക്ക്മെയില്‍ കുരുക്കും

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > സോളാര്‍ തട്ടിപ്പില്‍ പ്രതിക്കൂട്ടിലായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബ്ളാക്ക്മെയില്‍ കുരുക്കിലും. മുഖ്യമന്ത്രിയായിരിക്കെ നിരവധിപേര്‍ തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും അതില്‍ ഒരാളുടെ ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയെന്നുമാണ് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയായിരിക്കെ ഇങ്ങനെ ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയത് കടുത്ത സത്യപ്രതിജ്ഞാലംഘനമാണ്. അങ്ങനെ ബ്ളാക്ക്മെയിലിനിരയായെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് പറയുന്നതിലൂടെ കുരുക്ക് വീണ്ടും മുറുകുകയാണ്. സോളാര്‍ കേസിലെന്നപോലെ ബ്ളാക്ക്മെയില്‍ കേസിലും ഉമ്മന്‍ചാണ്ടി നിയമത്തിനുമുന്നില്‍ പ്രതിസ്ഥാനത്താകുകയാണ്.

പ്രീതിയോ ഭീതിയോ ഇല്ലാതെ എല്ലാവരോടും ഒരേ നീതിയോടെ പെരുമാറുമെന്ന് സത്യപ്രതിജ്ഞചെയ്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേല്‍ക്കുന്നത്. ഇവിടെയാണ് ഉമ്മന്‍ചാണ്ടി പറയുന്നത് പ്രീതിക്കോ ഭീതിക്കോ പാത്രമായി തുല്യനീതിയോടെയല്ലാതെ പ്രവര്‍ത്തിച്ചെന്ന്. ഇത് മാത്രമല്ല, ഒരാള്‍ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം പൊലീസിന് പരാതി നല്‍കണം. ഉമ്മന്‍ചാണ്ടി പരാതി നല്‍കിയില്ലെന്ന് മാത്രമല്ല, ഭീതിയോടെ പ്രീതി കാട്ടുകയുംചെയ്തു. ഇത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

നിരവധിപേര്‍ ബ്ളാക്ക്മെയിലിങ്ങിന് ശ്രമിക്കാന്‍മാത്രം മുഖ്യമന്ത്രിയെന്നനിലയില്‍ എന്തോ തെറ്റ് ചെയ്തെന്നും ഉമ്മന്‍ചാണ്ടി സമ്മതിക്കുകയാണ്. അതല്ലെങ്കില്‍ ബ്ളാക്ക്മെയിലിങ്ങിന് ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമായിരുന്നു. ഇതില്‍  ഒരാളുടെ ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയെന്നതിലൂടെ ക്രമംവിട്ട് എന്തോ ചെയ്തെന്നും സമ്മതിക്കുന്നു.

ബ്ളാക്ക്മെയിലിങ്ങിന് വഴങ്ങിയതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് വന്ന ഉടനെയാണ് ഈ 'വെളിപ്പെടുത്തല്‍'. ഇത് വ്യക്തമാക്കുന്നത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ബ്ളാക്ക്മെയിലിങ് എന്നാണ്. സോളാര്‍ തട്ടിപ്പില്‍ പലതും മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണ് ബ്ളാക്ക്മെയിലിങ്ങിന് കീഴടങ്ങിയതെന്നും വ്യക്തം. സോളാര്‍തട്ടിപ്പില്‍ തന്റെ പങ്ക് അറിയാതെ സമ്മതിക്കുന്നത് കൂടിയായി ഈ വെളിപ്പെടുത്തല്‍.

എന്താണ് ബ്ളാക്ക്മെയില്‍ എന്നോ ആരാണ് ബ്ളാക്ക്മെയില്‍ ചെയ്തതെന്നോ ഉമ്മന്‍ചാണ്ടി പറയുന്നില്ല. വ്യാഴാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പല പേരുകളും സംശയമായി ഉന്നയിച്ചപ്പോള്‍ അതെല്ലാം നിഷേധിച്ച ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച പറഞ്ഞത് അത് രാഷ്ട്രീയക്കാരനല്ലെന്നാണ്. എന്നാല്‍, ഒപ്പംനിന്നയാള്‍ ആണെന്നും പറയുന്നു. അപ്പോഴും ദുരൂഹത കൂടുകയാണ്. ഒപ്പംനിന്ന് ബ്ളാക്ക്മെയില്‍ ചെയ്തത് പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരാണോ? അതോ ബന്ധുക്കളോ കുടുംബാംഗങ്ങളോ? ഇതൊന്നുമല്ലാതെ സോളാര്‍തട്ടിപ്പിലെ പ്രതികളാണോ? സോളാര്‍തട്ടിപ്പ് കേസിലെ പ്രതികളുടെ ബ്ളാക്ക്മെയിലിങ്ങിന് വിധേയനായി എന്ന് വരുമ്പോള്‍ രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം ഉമ്മന്‍ചാണ്ടി സ്വയം അടയ്ക്കുകയാണ്.

ഉമ്മന്‍ചാണ്ടിക്കുമുന്നില്‍ ഇനി ഒരുവഴിയേ ഉള്ളൂ. ബ്ളാക്ക് മെയില്‍ ചെയ്തത് ആരെന്നും എന്തുനേടാന്‍ ചെയ്തെന്നും എന്തിന് വഴങ്ങിയെന്നും വെളിപ്പെടുത്തുക. അത് വൈകുന്നിടത്തോളം ഉമ്മന്‍ചാണ്ടി സംശയത്തിന്റെ മുള്‍മുനയില്‍ത്തന്നെയെന്ന് ഉറപ്പാണ്.

 

Related News

കൂടുതൽ വാർത്തകൾ »