Top
20
Monday, November 2017
About UsE-Paper

സോളാര്‍ കേസ്: കമീഷന്‍ പരിഗണനാവിഷയത്തിന് പുറത്തുപോയെന്ന വാദം തെറ്റ്

Sunday Nov 12, 2017
കെ എന്‍ സനില്‍

തിരുവനന്തപുരം > സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ പരിഗണനാവിഷയങ്ങളില്‍നിന്ന് പുറത്തുപോയെന്ന വാദം തെറ്റ്. പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും അതിനുശേഷം കമീഷനും സര്‍ക്കാരും തമ്മില്‍ നടന്ന എഴുത്തുകുത്തുകളുമാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നത്.

കമീഷന്റെ പരിഗണനാവിഷയങ്ങളിലെ ആദ്യത്തേത് സോളാര്‍ തട്ടിപ്പ്, അനുബന്ധ സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് കേരള നിയമസഭയ്ക്കുള്ളിലും പുറത്തും ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നു പരിശോധിക്കലാണ്. എന്നാല്‍, ആരോപണങ്ങള്‍ എന്തൊക്കെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല. ആരോപണങ്ങളടങ്ങിയ രേഖകള്‍ നല്‍കണമെന്ന് കമീഷന്‍ സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന് നല്‍കിയ നിവേദനവും  തിരുവനന്തപുരത്തെ ഒരു പൌരസമിതി നല്‍കിയ നിവേദനവുമാണ് ആഭ്യന്തരസെക്രട്ടറി കമീഷന് നല്‍കിയത്.

സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ ആരോപണങ്ങള്‍ എന്തൊക്കെയെന്ന് എഴുതിത്തരാന്‍ വീണ്ടും കമീഷന്‍ ആവശ്യപ്പെട്ടു. കേസില്‍ കക്ഷിയല്ലാത്തവരുടെ സ്റ്റേറ്റ്മെന്റുകള്‍ പരിഗണിക്കരുത് എന്നുമാത്രമാണ് സര്‍ക്കാര്‍ എഴുതിനല്‍കിയത്. തുടര്‍ന്നാണ് അന്വേഷിക്കുന്ന ആരോപണങ്ങള്‍ എന്തൊക്കെയെന്ന് നിശ്ചയിച്ച് 2015 ഒക്ടോബര്‍ ഏഴിന് കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

അതിന്റെ 25-ാംഖണ്ഡികയില്‍ പറയുന്നത് അന്വേഷണവുമായി എല്‍ഡിഎഫ് സഹകരിക്കുന്നില്ലെന്നും എങ്കിലും എല്‍ഡിഎഫിന്റെ നിവേദനം കമീഷന് കൈമാറിക്കിട്ടിയിരിക്കുന്നതിനാല്‍ അതില്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നുമാണ്. ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച 136 പേജുള്ള വാദക്കുറിപ്പില്‍ പറഞ്ഞത് ബംഗളൂരുവിലെ എം കെ കുരുവിളയുടെ കേസ് സോളാര്‍ കേസിന്റെ പരിധിയില്‍ വരില്ല എന്നും കമീഷനില്‍ സമര്‍പ്പിക്കപ്പെട്ട കത്തുകളിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പരിഗണിക്കരുത് എന്നുമാണ്. അല്ലാതെ അന്വേഷിക്കുന്നത് പരിഗണനാവിഷയങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങളാണെന്ന് ഒരുഘട്ടത്തിലും ആരോപിച്ചിട്ടില്ല.

ഏഴുദിവസത്തെ വിസ്താരത്തിനൊടുവില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്, ഈ കമീഷനില്‍ തനിക്ക് പൂര്‍ണവിശ്വാസമാണെന്നും ഇവര്‍ സത്യം പുറത്തുകൊണ്ടുവരും എന്നുമായിരുന്നു. 2017 ഫെബ്രുവരി 15നായിരുന്നു ഇത്. എന്നാല്‍, തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തങ്ങള്‍ക്കെതിരായപ്പോള്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച് കമീഷനുകളുടെ വിശ്വാസ്യതതന്നെ തകര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

Related News

കൂടുതൽ വാർത്തകൾ »