17 November Saturday

പരിശീലനത്തിനിടെ ചുണ്ടൻ വള്ളവും ചെറുവള്ളവും കൂട്ടിയിടിച്ചു; കുട്ടിയെ നീന്തിയെടുത്ത തുഴച്ചിൽതാരം പ്രവീൺ സാമൂഹ്യമാധ്യമങ്ങളിൽ ഹീറോ‐ Video

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ

കോട്ടയം > നെഹ്റു ട്രോഫി  മത്സര വള്ളം കളിയ്ക്കായുള്ള പരിശീലന തുഴച്ചിലിനിടയിൽ ചുണ്ടൻ വള്ളവും ശിക്കാരി ബോട്ടുമായി കൂട്ടിയിടിച്ച്‌ വെള്ളത്തിൽ വീണ കുഞ്ഞിനെ തുഴച്ചിൽക്കാരൻ അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. 

കുമരകത്ത് മുത്തേരിമട ആറ്റിൽ ഞായറാഴ്ച വൈകിട്ട് നാലരയ്ക്കാണ്  സംഭവം. കുമരകം നവധാര ബോട്ട് ക്ലബ്ബ് തുഴയുന്ന കരുവാറ്റ ശ്രീ വിനായകൻ ചുണ്ടൻ വള്ളമാണ് പരിശീലനം കാണാനെത്തിയവരുമായി വന്ന ശിക്കാരി വള്ളവുമായി ഇടിച്ചത്. ചുണ്ടൻ വള്ളത്തിന്റെ മുൻഭാഗം ചെറുവള്ളത്തിന്‌ മീതെ കയറിയതോടെ ചെറുവള്ളം മുങ്ങി.  പരിശീലന തുഴച്ചിൽ കാണാൻ എത്തിയവർ സഞ്ചരിച്ചിരുന്നതാണ്‌ ഈ ചെറുവള്ളം.

ചെറുവള്ളത്തിൽ സഞ്ചരിച്ചിരുന്നതിൽ അച്ഛനൊപ്പം പരിശീലനം കാണാനെത്തിയ ഒരു കുട്ടിയും ഉണ്ടായിരുന്നു. വള്ളം മുങ്ങിയതോടെ വെള്ളത്തിലായ കുട്ടിയെ ചുണ്ടൻ വള്ളത്തിൽ നിന്നും ചാടിയ തുഴച്ചിൽക്കാരനാണ്‌ രക്ഷിച്ചത്‌. കുട്ടിയുമായി ഇയാൾ നീന്തിക്കയറുന്നതും വീഡിയോയിൽ കാണാം.
ആലപ്പുഴ സ്വദേശിയായ കൊച്ചുമോൻ എന്നുവിളിക്കുന്ന പ്രവീൺകുമാറാണ്‌ കുട്ടിയെ രക്ഷിച്ചത്‌. ഇദ്ദേഹത്തിന്റെ സമയോചിതമായ പ്രവൃത്തിയെ അനുമോദിച്ച്‌ സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി. ഈ ധീരതക്ക്‌ നെഹ്‌റു ട്രോഫി വേദിയിൽ മുഖ്യമന്ത്രിയിൽ നിന്നോ വിശിഷ്‌ടാതിഥി സച്ചിൻ ടെൻഡുൽക്കറിൽ നിന്നോ ഇദ്ദേഹത്തിന്‌ ആദരവ്‌ നൽകണമെന്നും അനുമോദന പോസ്റ്റുകളിൽ ചിലർ പറയുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ചുണ്ടൻ വള്ളത്തിന്റെ പിച്ചളയിൽ നിർമിച്ച ചുണ്ട് പലക തുളച്ച് ബോട്ടിന്റെ ഉള്ളിലേക്ക് കയറി ബോട്ടിന് കേട്പാട് സംഭവിച്ചിട്ടുണ്ട്. ചുണ്ടൻ വള്ളത്തിന്റെ ചുണ്ട് ഒടിഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top