19 November Monday

സ‌്മാർട്ട‌് കൃഷിക്ക‌് ഇനി ന്യൂജെൻ ആപ്‌

കെ എൻ സനിൽUpdated: Friday Jul 20, 2018



തിരുവനന്തപുരം
യന്ത്രങ്ങളുടെ സേവനം കര്‍ഷകര്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കി കാര്‍ഷികമുന്നേറ്റത്തിന് വഴിയൊരുക്കാൻ  മൊബൈൽ ആപ്പ‌്  വരുന്നു.  യന്ത്രങ്ങളുടെയും തൊഴിലാളികളുടെയും സേവനം ഇതുവഴി ലഭ്യമാക്കും. ഇതിനായി സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കാർഷിക യന്ത്രവൽക്കരണ മിഷൻ  കണക്കെടുപ്പ‌് തുടങ്ങി. ട്രാക്ടർ, ടില്ലർ, കൊയ‌്ത്ത‌് മെതി യന്ത്രങ്ങൾ, ഹോഴ‌്‌സ‌് പവർ തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിക്കും. യന്ത്രങ്ങളുടെ സൈബർ ശൃംഖല സൃഷ്ടിക്കലാണ‌് ലക്ഷ്യമെന്ന‌് കാർഷിക കർമസേന സ‌്പെഷ്യൽ ഓഫീസർ ഡോ. ജയകുമാർ പറഞ്ഞു‌. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ തയ്യാറാക്കി ഓൺലൈൻ ടാക‌്സികളുടെ മാതൃകയിൽ  സേവനം ലഭ്യമാക്കും.

വിവരശേഖരണവും ആപ്ലിക്കേഷൻ രൂപകൽപ്പനയും ആറുമാസത്തിനകം പൂർത്തിയാകും. യന്ത്രങ്ങളുടെയും തൊഴിലാളികളുടെയും ദൗർലഭ്യം പരിഹരിച്ച‌് സമഗ്രമായ പരിവർത്തനമാണ‌് കൃഷിവകുപ്പ‌് ലക്ഷ്യമിടുന്നത‌്.
യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത, റിപ്പയർ ചെയ്യേണ്ടവയുടെ വിവരം എന്നിവയും ശേഖരിക്കും. ആറുമാസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കും. ഉപയോഗശൂന്യമായവ നിയമാനുസരണം ലേലം ചെയ‌്ത‌് നൽകും. കാർഷിക കർമസേനയുടെ പ്രവർത്തനശൈലി ഏകീകരിക്കാൻ മാന്വലും തയ്യാറാക്കി. ഓരോ കർമസേനയ‌്ക്കും ബിസിനസ‌് പ്ലാൻ തയ്യാറാക്കി നൽകും. അംഗങ്ങൾക്ക‌്  പ്രതിമാസം 25,000 രൂപ വരുമാനം ഉറപ്പാക്കും. ഇൻഷുറൻസും പ്രോവിഡന്റ‌് ഫണ്ടും പെൻഷനും ലഭ്യമാക്കും.  ലഭ്യമായ യന്ത്രങ്ങൾക്കനുസരിച്ച‌് ഫീൽ‌ഡ‌് വർക്കർമാരില്ലാത്തതിനാൽ 35,000 പേർക്ക‌് പരിശീലനവും നൽകും.

സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ ഏപ്രിലിലാണ‌് നിലവിൽവന്നത‌്. കൃഷിമന്ത്രി ചെയർമാനും കാർഷികോൽപ്പാദന കമീഷണർ കോ ചെയർമാനും കേരള കാർഷിക സർവകലാശാല വൈസ‌് ചെയർമാൻ മിഷൻ ഡയറക്ടറുമാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top