17 December Monday

നീതി നേടിത്തന്ന പൊലീസിന് ഒരായിരം നന്ദി: സിസ്റ്റര്‍ അനുപമ

സ്വന്തം ലേഖികUpdated: Saturday Sep 22, 2018

കൊച്ചി>  'സമ്മര്‍ദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് ഞങ്ങള്‍ക്ക് നീതി നല്‍കിയ പൊലീസിന് ഒരായിരം നന്ദി... ഞങ്ങളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി ഒരുപാട് സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും ഉണ്ടായിരുന്നു. അപ്പോള്‍ അന്വേഷണസംഘം എത്രമാത്രം സമ്മര്‍ദ്ദം നേരിട്ടുവെന്ന് ഊഹിക്കാവുന്നതാണ്...' പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കാനായി എറണാകുളം വഞ്ചി സ്‌ക്വയറിലെ സമരപന്തലിലേക്കെത്തിയ സിസ്റ്റര്‍ അനുപമയുടെ വാക്കുകളാണിവ.

പിന്തുണച്ചവര്‍ക്ക് വാക്കുകളിലൂടെ എങ്ങനെ നന്ദിപറയണമെന്ന് അറിയില്ലെന്നു പറഞ്ഞ സിസ്റ്റര്‍ അനുപമ ഇത് ഒരു വ്യക്തിയ്ക്ക് വേണ്ടിയുള്ള സമരമല്ലെന്നും സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണെന്നും ചൂണ്ടിക്കാട്ടി.'ഇനി ഒരു സ്ത്രീയും നീതിക്ക് വേണ്ടി തെരുവിലിറങ്ങേണ്ടി വരരുത്. സന്യാസസമൂഹം തന്നെയാണ് ഞങ്ങളെ തെരുവിലേക്കിറക്കിയത്. ഒരു സ്ത്രീക്ക് പോലും ഇനി ഈ അവസ്ഥ ഉണ്ടാകരുത്.

സമരത്തിലിറങ്ങിയ ഞങ്ങള്‍ ആറുപേരും ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് സമരം വിജയം കണ്ടത്. മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെയായിരിക്കുമെന്നറിയില്ല. എന്തും സധൈര്യം നേരിടാനാണ് തീരുമാനം. അപ്പോഴും നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു'; സിസ്റ്റര്‍ അനുപമ നിലപാട് വ്യക്തമാക്കി.

കുടുംബത്തിന്റെ പിന്തുണയുണ്ടായതുകൊണ്ടുമാത്രമാണ് സമരത്തിനിറങ്ങാന്‍ ധൈര്യം ലഭിച്ചത്. അവര്‍ സാമ്പത്തിക സഹായമുള്‍പ്പടെ ചെയ്തുതന്നു. കൂടാതെ നല്ലവരായ നാട്ടുകാരും സാമ്പത്തികമായും മാനസികമായും പിന്തുണച്ചെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. തണുത്തുറഞ്ഞ് പോകേണ്ടിയിരുന്ന സംഭവം ലോകത്തിന് മുന്നിലെത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനും സിസ്റ്റര്‍ അനുപമ മറന്നില്ല. കേരളത്തിന്റെ നാനാഭാഗങ്ങളിലേക്ക് സമരപന്തലിലേക്ക് പിന്തുണയുമായെത്തിയ ജനങ്ങള്‍ക്കും സിസ്റ്റര്‍ അനുപമ നന്ദി പറഞ്ഞു.

 


പ്രധാന വാർത്തകൾ
Top