22 September Saturday

അറബിക്കടലിന് നടുവിലും എസ്എഫ്ഐയുടെ തൂവെള്ളക്കൊടി പാറി; ലക്ഷദ്വീപില്‍ ആദ്യമായി എസ്എഫ്ഐയ്‌ക്ക് യുയുസി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

എല്‍ മുഹമ്മദ് സാദിഖ്അലി

കോഴിക്കോട് > അറബിക്കടലിന് നടുവിലും എസ്എഫ്ഐയുടെ തൂവെള്ളക്കൊടി പാറി. ലക്ഷദ്വീപില്‍ നിന്നും ചരിത്രത്തില്‍ ആദ്യമായി എസ്എഫ്ഐയുടെ യുയുസി സ്ഥാനാര്‍ഥി വിജയിച്ചു. ആന്ത്രോത്ത് ദ്വീപിലെ പി എം സയ്യിദ് കലിക്കറ്റ് സര്‍വകലാശാല സെന്ററിലാണ് എസ്എഫ്ഐയുടെ നേട്ടം. യൂണിറ്റ് കമ്മിറ്റി അംഗമായ എല്‍ മുഹമ്മദ് സാദിഖ്അലിയാണ് 16 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുയുസിയായത്.

വര്‍ഷങ്ങളായി എന്‍എസ്‌യുഐയാണ് ലക്ഷദ്വീപിലെ കോളേജുകളില്‍ ജയിക്കാറുള്ളത്. ഈ വര്‍ഷം യുയുസി സ്ഥാനത്തെയ്ക്ക് കോളേജിലെ രണ്ടാം വര്‍ഷ പൊളിറ്റക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ സാദിഖ്അലിയെ എസ്എഫ്ഐ മത്സരിപ്പിക്കുകയായിരുന്നു.

എസ്എഫ്ഐ സര്‍വകലാശാല യൂണിയന്‍ ഭരിച്ചിരുന്ന കഴിഞ്ഞ രണ്ടുവര്‍ഷവും യൂണിയന്‍ ഭാരവാഹികള്‍ കേരളത്തില്‍ നിന്നും ലക്ഷദ്വീപിലെത്തി സോണല്‍ കലോത്സവം നടത്തുകയും വിദ്യാര്‍ത്ഥികളെ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ലക്ഷദ്വീപ് വിദ്യാര്‍ത്ഥികളുടെ കേരളത്തിലെയ്ക്കുള്ള യാത്രപ്ര‌ശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എസ്എഫ്ഐ നിരന്തരം ഇടപ്പെട്ടിരുന്നു.

ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ക്കായി എസ്എഫ്ഐ നടത്തിയ ഇടപെടലുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മറ്റി അംഗം ലിന്റോ ജോസഫ് പറഞ്ഞു. വര്‍ഷങ്ങളായി ലക്ഷദ്വീപിലെ കോളേജുകളില്‍ യൂണിയന്‍ ഭരണം നടത്തുന്ന എന്‍എസ്‌യുഐ നടത്തികൊണ്ടിരിക്കുന്ന വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണെന്നും ലിന്റോ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കുമുമ്പ് ലക്ഷദ്വീപില്‍ നിന്നുള്ള മുഹമ്മദ് ഷാഫി ഖുറേഷി കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സര്‍വകലാശാല ക്യാമ്പസില്‍ എംഎ ഹിന്ദി വിദ്യാര്‍ഥിയായിരിക്കെയാണ് ഖുറേഷി ജനറല്‍ സെക്രട്ടറിയായത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top