20 June Wednesday

പലസ്‌തീൻ ജനതക്ക്‌ എസ്‌എഫ്‌ഐയുടെ ഐക്യദാർഢ്യം; ഇസ്രയേലിന്‌ സാങ്കേതിക സഹായം നൽകുന്ന എച്ച്പി കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിദ്യാർഥികൾ ബഹിഷ്‌കരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

ന്യൂഡൽഹി > പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കാളിയായ ഐടി കമ്പനിയായ എച്ച്‌പിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾക്ക്‌ എസ്‌എഫ്‌ഐയുടെ പിന്തുണ. ഇതുമൂലം എച്ച്‌പിക്ക്‌ 800 കോടി രൂപയിലധികം ബിസിനസ്‌ നഷ്‌ടമുണ്ടാകാം എന്നാണ്‌ കരുതുന്നത്‌. പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ സമ്മർദം ഉയർത്താൻ പ്രവർത്തിക്കുന്ന സംഘടനയായ ബിഡിഎസിന്റെ ആഹ്വാനമാണ്‌ എസ്‌എഫ്‌ഐ ഏറ്റെടുത്തിരിക്കുന്നത്‌.

40 ലക്ഷത്തിലധികം അംഗങ്ങളുള്ള വിദ്യാർഥി സംഘടനയായ എസ്‌എഫ്‌ഐയുടെ പിന്തുണ കമ്പനിക്ക്‌ വലിയ ബിസിനസ്‌ നഷ്‌ടം വരുത്തുമെന്ന്‌ ബിഡിഎസിന്റെ തെക്കൻ ഏഷ്യാ കോർഡിനേറ്റർ അപൂർവാ ഗൗതം പറഞ്ഞു. ഇത്‌ പലസ്‌തീനിൽ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്ന ഇസ്രയേലിനെ പിന്തുണക്കുന്ന കമ്പനികൾക്കാകെ താക്കീതാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇസ്രയേലിന്റെ സൈനികാക്രമണങ്ങളിൽ നിന്നും ഇസ്രയേൽ ഭരണകൂടത്തിൽ നിന്നും ലാഭമുണ്ടാക്കുന്ന കമ്പനികൾക്കെതിരെ ജനവികാരം ഉയർത്താനും അവരുടെ സൽപ്പേരും വ്യാപാരവും നഷ്‌ടപ്പെടുമെന്ന ശക്തമായ താക്കീത്‌ നൽകാനുമാണ്‌ ഇന്ത്യയിലേയും പലസ്‌തീനിലെയും വിദ്യാർഥികളുടെ യോജിച്ച നീക്കം.  ഇസ്രയേൽ സർക്കാരിനും സൈന്യത്തിനും സാങ്കേതിക സഹായങ്ങൾ നൽകുന്ന കമ്പനികളിൽ മുൻനിരയിലാണ്‌ എച്ച്‌പി. ഇസ്രയേൽ ഭരണകൂടം വംശീയവിവേചനത്തിനുള്ള എറ്റവും വലിയ ഉപകരണമായി ഉപയോഗിക്കുന്ന ജനസംഖ്യാ രെജിസ്റ്ററിനും സാങ്കേതികസഹായം നൽകുന്നത്‌ എച്ച്‌പിയാണ്‌. ഈ സാഹചര്യത്തിലായിരുന്നു വംശഹത്യക്കും വിവേചനത്തിനും സാങ്കേതിക വിദ്യ നൽകുന്ന എച്ച്‌പിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നത്‌.

എച്ച്പി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌ത പ്രമേയത്തിൽ അടുത്തിടെ 121 നിരായുധരായ പ്രതിഷേധക്കാരെ വെടിവെച്ചുകൊന്ന ഇസ്രയേൽ നടപടിയെ എസ്‌എഫ്‌ഐ അപലപിച്ചു. ഇസ്രയേലുമായി അടുത്ത സൈനിക‐സുരക്ഷാബന്ധങ്ങൾ പുലർത്തുന്ന ബിജെപി സർക്കാരിന്റെ നടപടിയെ എസ്‌എഫ്‌ഐ വിമർശിച്ചു. ഇസ്രയേലിന്റെ ഏറ്റവും വലിയ ആയുധ ഇടപാടുകാരായി ഇന്ത്യ മാറിയിരിക്കുകയാണെന്നും എസ്‌എഫ്‌ഐ പ്രമേയത്തിൽ പറഞ്ഞു.

രാജ്യത്താകെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച്‌ എച്ച്‌പി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പ്രചരണം നടത്തുമെന്ന്‌ എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി വിക്രം സിങ്‌ പറഞ്ഞു. സർവകലാശാലകളെ എച്ച്‌പി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന്‌ പിന്തിരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും വിക്രം സിങ്‌ കൂട്ടിച്ചേർത്തു.

പലസ്‌തീനിലെ ബിഡിഎസ്‌ നാഷണൽ കമ്മിറ്റി കോർഡിനേറ്റർ അബ്‌ദുൽ റഹ്‌മാൻ അബ്ദുനഹൽ എസ്‌എഫ്‌ഐ തീരുമാനത്തെ സ്വാഗതം ചെയ്‌തു. പലസ്തീനിയൻ വിദ്യാർഥി‐യുവജന സംഘടനകൾ എസ്‌എഫ്‌ഐയിലെ വിദ്യാർഥികളെ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യയിൽ നിന്നുള്ള ഐക്യദാർഢ്യം ഏറെ ഹൃദ്യമാണ്‌. സർക്കാരുകൾ പരാജയപ്പെടുമ്പോഴും, മാറ്റം കൊണ്ടുവരാനുള്ള ശക്തി ജനങ്ങൾക്കാണെന്ന്‌ ഇത്‌ ഊട്ടിയുറപ്പിക്കുന്നു. ‐ അബ്ദുനഹൽ പറഞ്ഞു

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top