26 September Wednesday

ദുരിതാശ്വാസത്തിന്റെ മറവില്‍ മരംകടത്തുമായി സേവാഭാരതി; ലോറി പൊലീസ് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

നീലേശ്വരം > ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  അവശ്യവസ്തുക്കളുമായി ആര്‍എസ്എസ് നേതൃത്വത്തിലുള്ള സേവാഭാരതിയുടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച മരം ഉരുപ്പടികള്‍ നീലേശ്വരം പൊലീസ് പിടിച്ചു. ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലെത്തിക്കുവാന്‍ ഗുജറാത്തില്‍ നിന്നും കൊണ്ട് വന്ന വസ്ത്രങ്ങള്‍, അരി എന്നിവ കയറ്റിയ ലോറിയിലാണ് തേക്ക് മരകട്ടില, വാതിലുകള്‍ എന്നിവ കടത്തിയത്. സംഘപരിവാര്‍ നേതൃത്വത്തിലുള്ള മാവുങ്കാലിലെ സംഭരണ കേന്ദ്രത്തിലിറക്കാനാണ് ലോറിയില്‍ മര ഉരുപ്പടികള്‍ ഉള്‍പ്പെടെ കടത്തിയത്.

തലശ്ശേരി മൊകേരിയിലെ വിനോദ് കെ വാസുദേവാണ് ലോറി ഓടിച്ചത്. ധാന്യചാക്കുകളുടെ മുകളിലാണ് മരഉരുപ്പടികള്‍ ഉണ്ടായിരുന്നത്. നീലേശ്വരം ഓര്‍ച്ചയിലെ ഫര്‍ണ്ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ ഇറക്കുന്നത് കണ്ട നാട്ടുകാരാണ് മരം കടത്ത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ബാനര്‍ കെട്ടിയ ലോറിയില്‍ നിന്നും ഫര്‍ണ്ണീച്ചര്‍ കടയില്‍ മരം ഇറക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

പിടിച്ചെടുത്ത ലോറിയും ഉരുപ്പടികളും

പിടിച്ചെടുത്ത ലോറിയും ഉരുപ്പടികളും

നീലേശ്വരം സിഐ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ലോറി കസ്റ്റഡിയിലെടുത്ത് ഹോസ്ദൂര്‍ഗ് തഹസില്‍ദാര്‍ക്ക് കൈമാറി. മര ഉരുപ്പടികള്‍ കടത്തുമ്പോള്‍ വേണ്ടുന്ന ജിഎസ്ടി അടച്ചതുള്‍പ്പെടെയുള്ള മറ്റ് രേഖകള്‍ ഉണ്ടോ എന്ന് പരിശോദിച്ച് വരികയാണ്. ദുരിതാശ്വാസ വാഹനത്തിന്റെ മറവില്‍ മര ഉരുപ്പടികള്‍ കടത്തിയത് ഡ്രൈവറുടെ അറിവോടെ മാത്രമാണെന്ന് പൊലിസും സേവഭാരതിക്കാരും പറയുന്നുണ്ടെങ്കിലും മറ്റ് സാധനങ്ങള്‍ക്ക് മുകളില്‍ ഇത്രയും മര ഉരുപ്പടികള്‍ കയറ്റുമ്പോള്‍ സേവാഭാരതിക്കാരുടെ ശ്രദ്ധയില്‍പ്പെടാത്തത് സംശയാസ്പദമാണെന്നും നാട്ടുകാര്‍ പറയുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top