19 September Wednesday

സെക്രട്ടറിയേറ്റില്‍ കോണ്‍ഗ്രസ് സംഘടനാ നേതാവിന്റെ അക്രമം; അണ്ടര്‍ സെക്രട്ടറിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

തിരുവനന്തപുരം > സെക്രട്ടറിയേറ്റില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ അക്രമം. ആക്രമണത്തില്‍ നിയമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ഗിരീഷ്‌കുമാറിന് പരിക്കേറ്റു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ലോ സെക്രട്ടറിയറ്റ് അസോസിയേഷന്‍ ഭാരവാഹിയായ മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അക്രമം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പി ഗിരീഷ്‌കുമാറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

കേരള സെക്രട്ടറയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ നിയമവകുപ്പ് ഏരിയാ കണ്‍വീനറാണ് ഗീരീഷ്‌കുമാര്‍. എംപ്ലോയിസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായും ദുരുദ്ദേശപരമായും അപകീര്‍ത്തിപ്പെടുത്തുന്ന നോട്ടീസുമായി എത്തിയ മോഹനചന്ദ്രനും സംഘവും ഗിരീഷ്‌കുമാറിന്റെ ക്യാബിനിലേക്ക് ഇരച്ചുകയറി പ്രകോപനം സൃഷ്ടിക്കുകായിരുന്നു. നോട്ടീസ് ഗിരീഷ്‌കുമാറിന്റെ മുഖത്തേക്ക് എറിയുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഗീരീഷ്‌കുമാര്‍ ഇതിനെ ചൊദ്യം ചെയ്തതൊടെ സംഘം വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു.  കഴുത്തില്‍ കുത്തിപ്പിടിച്ചായിരുന്നു മര്‍ദ്ദനം. പൊട്ടിയ കസേരയുടെ കാലുകൊണ്ടും മര്‍ദ്ദിച്ചു. ബഹളം കേട്ട് സഹപ്രവര്‍ത്തകരെത്തിയതോടെയാണ് അക്രമിസംഘം പോര്‍വിളികളോടെ മടങ്ങിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗിരീഷ്‌കുമാറിനെ ഉടന്‍ തന്നെ സഹരപവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.

സംഭവത്തില്‍ കന്റോണ്‍മെന്റ് പോലിസ് മോഹനചന്ദ്രനും സംഘത്തിനും എതിരെ കേസെടുത്തു. ഗിരീഷ്‌കുമാറിനെതിരെ അപകീര്‍ത്തിപരമായ നോട്ടീസ് മുമ്പിറക്കിയതിന് ഇപ്പോള്‍ അന്വേഷണം നേരിടുന്ന ആളാണ് മോഹനചന്ദ്രന്‍. ഗിരീഷ്‌കുമാറിനെ നേരെ നടന്ന അക്രമത്തില്‍ കേരള സെക്രട്ടറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
 

പ്രധാന വാർത്തകൾ
Top