17 November Saturday

അഭിമന്യുവിനായി ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ എസ്ഡിപിഐ ആക്രമണം; പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

എസ്ഡിപിഐ ആക്രമണത്തില്‍ തകര്‍ന്ന വീട്

തിരുവനന്തപുരം > കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ അനുസ്‌മരിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിന് ഡിവൈഎഫ്‌‌ഐ യൂണിറ്റ് സെക്രട്ടറിയേയും കുടുംബത്തേയും കൊലപ്പെടുത്തുമെന്ന് എസ്ഡിപിഐ ക്രിമിനലുകളുടെ ഭീഷണി. വധഭീഷണിക്കെതിരെ പോലീസില്‍ പരാതി കൊടുത്ത് മണിക്കൂറുകള്‍ക്കകം വീടിന് നേരെ ആക്രമണം ഇവര്‍ നടത്തി.

കാട്ടാക്കട പൂവച്ചല്‍ ലോക്കല്‍ മേഖലയിലെ ആലമുക്ക് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്തിനും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം. അഭിമന്യു കൊല്ലപ്പെട്ടതുമായി  ബന്ധപ്പെട്ട് ഫേസ്‌ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടത് പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുകയും, ഓരോ പ്രദേശത്തും തങ്ങള്‍ ഓരോരുത്തരെ  പോയിന്റ് ചെയ്തിട്ടുണ്ടെന്നും അതില്‍ ഒരാള്‍  നീ ആണെന്നും നിന്നെ മാത്രമല്ല നിന്റെ അച്ഛനേയും അമ്മയേയും അടക്കം കൊന്നുകളയുമെന്നും പറഞ്ഞായിരുന്നു എസ്ഡിപിഐക്കാരുടെ  ഫോണ്‍ ഭീഷണി.



അച്ഛനേയും അമ്മയേയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ എസ്ഡിപിഐക്കാര്‍, നിനക്ക് ജീവിക്കണമെങ്കില്‍ പൂവച്ചല്‍ പ്രദേശത്തെ എസ്ഡിപിഐക്കാര്‍ ആയ അല്‍ അമീന്‍, നൗഫല്‍ എന്നിവരെ അച്ഛനേയും അമ്മയേയും കൂട്ടി പോയി കണ്ട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ശ്രീജിത് വധഭീഷണിക്കെതിരെ ഫോണ്‍ നമ്പരുകള്‍ അടക്കം ശനിയാഴ്ച രാത്രിയില്‍ കാട്ടാക്കട പോലീസിന് പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കി  മണിക്കൂറുകള്‍ക്കുള്ളില്‍  ശ്രീജിത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. വീടിനു നേരെ  തുരുതുരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ഓടിട്ട മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

നാല് ബൈക്കുകളില്‍ ആയി എത്തിയ എട്ടംഗ സംഘമാണ് വീടിനു നേരെ ആക്രമണം  നടത്തിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഭീഷണി വന്ന ഫോണ്‍ നമ്പര്‍ പൊലീസ് പരിശോധിച്ചതില്‍ നിന്നും ഹൈദരാബാദ് സിം ആണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ നമ്പറില്‍ നിന്നും പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ഫോണ്‍കാള്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top