18 November Sunday
കെപിഎ മജീദിന്റെ നുണ പ്രചരണത്തിന് മറുപടി

എസ്ഡിപിഐ പിന്തുണയില്‍ സിപിഐ എം പഞ്ചായത്ത് ഭരിക്കുന്നില്ല; ലീഗിന്റേത് നുണപ്രചരണം: കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കണ്ണൂര്‍ > കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി മുന്‍സിപ്പാലിറ്റിയും, പരിയാരം പഞ്ചായത്തും എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഐ എം ഭരിക്കുന്നത് എന്ന ലീഗ് നേതൃത്വത്തിന്റെ പ്രചരണം ശുദ്ധഅസംബന്ധമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ വ്യക്തമാക്കി.പ്രസ്താവനയിലൂടെയാണ് സെക്രട്ടേറിയറ്റ് നിലപാട് വ്യക്തമാക്കിയത്‌. ഒരു പ്രമുഖ പത്രത്തില്‍ മുസ്ലീം ലീഗിന്റെ ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് ഈ നുണപ്രചരണം നടത്തിയത്.

ഇരിട്ടി നഗരസഭയില്‍ ആകെ 33 സീറ്റുകളാണുള്ളത്. അതില്‍ 30 സീറ്റുകളില്‍ സിപിഐ എമ്മും 3 സീറ്റുകളില്‍ സിപിഐയുമാണ് മത്സരിച്ചിരുന്നത്. 13 സീറ്റുകളില്‍ സിപിഐ എം വിജയിച്ചു. മുസ്ലീം ലീഗ് 10 സീറ്റിലും കോണ്‍ഗ്രസ് 5 സീറ്റിലും ബിജെപി 5 സീറ്റിലുമാണ് വിജയിച്ചത്. തുടര്‍ന്ന് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ചെയര്‍മാന് 13 വോട്ടുകളാണ് ലഭിച്ചത്.

കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗിലെ ചില അംഗങ്ങള്‍ വിട്ടുനിന്നതിനെത്തുടര്‍ന്നാണ് സ. പിപി അശോകന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ എസ്ഡിപിഐക്ക് കൗണ്‍സിലര്‍മാരെയില്ല; പ്രസ്താവനയില്‍ പറയുന്നു.

 നഗരസഭ തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ എസ്ഡിപിഐ മത്സരിച്ചിരുന്നു. പരിയാരം പഞ്ചായത്തില്‍ ആകെയുള്ള 18 സീറ്റില്‍ സിപിഐ എമ്മിന് 11 സീറ്റും മുസ്ലീം ലീഗിന് 4 ഉം കോണ്‍ഗ്രസിന് 3 ഉം സീറ്റുകളാണുള്ളത്. ഇവിടെ എസ്ഡിപി ഐ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടേയില്ല. ഇതാണ് വസ്തുത എന്നിരിക്കെ ആരെ കബളിപ്പിക്കാനാണ് മുസ്ലീം ലീഗ് നേതൃത്വം ഇത്തരമൊരു നുണപ്രചരണം നടത്തുന്നത്.

തരാതരം പോലെ ആര്‍എസ്എസുമായും, പോപ്പുലര്‍ഫ്രണ്ടുമായും വോട്ടും, സീറ്റും കച്ചവടവും നടത്തുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. കോ-ലീ-ബി സഖ്യം കേരള ജനത മറന്നിട്ടില്ല എന്ന് ലീഗ് നേതൃത്വം ഓര്‍മ്മിക്കണം. മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി കൂട്ടുകെട്ടുണ്ടാക്കി അവരുടെ സ്ഥാനാര്‍ത്ഥിയെ പോലും പിന്‍വലിപ്പിച്ച നാണംകെട്ട നടപടിയാണ് ലീഗ് നേതൃത്വം ചെയ്തിരുന്നത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് എന്‍ഡിഎഫുകാര്‍ക്ക് എതിരായി പോലീസ് ചാര്‍ജ്ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതിന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ രേഖാമൂലം നല്‍കിയ കത്തുകള്‍, ഈ തീവ്രവാദ ശക്തിയെ ലീഗ് നേതൃത്വം താലോലിച്ചതിന്റെ തെളിവാണ്.

മാറാട് കലാപം എന്‍ഡിഎഫിന്റെ സൃഷ്ടിയാണെന്നറിഞ്ഞിട്ടും സിപിഐ എം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി ആര്‍എസ്.എസ് നേതൃത്വവുമായി കോഴിക്കോട് ഗസ്റ്റ ഹൗസില്‍ നേരിട്ട് ചര്‍ച്ച നടത്തിയതും മുസ്ലീം ലീഗ് നേതൃത്വമാണ്. ഈ ചരിത്രമൊന്നും ജനങ്ങള്‍ മറന്നിട്ടില്ല എന്ന് ലീഗ് നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രപസ്താവനയില്‍ പറഞ്ഞു
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top