19 September Wednesday

ഡാം തുറന്നത് വെള്ളപ്പൊക്കമുണ്ടാക്കിയെന്ന് നാസ പറഞ്ഞതായി വ്യാജ വാര്‍ത്ത നല്‍കി ഏഷ്യാനെറ്റും മനോരമയും; ഏറ്റെടുത്ത് സംഘപരിവാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

കൊച്ചി > കേരളത്തിലെ പ്രളയത്തിനുകാരണം ഡാമുകള്‍ തുറന്നതാണെന്ന കോണ്‍ഗ്രസ്- സംഘപരിവാര്‍ വ്യാജ വാര്‍ത്തകള്‍ക്കു പിന്നാലെ നാസ നടത്തിയ പഠനറിപ്പോര്‍ട്ടിലും വെള്ളം ചേര്‍ത്ത് സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം."പ്രളയകാരണം ഡാമുകൾ തുറന്നതാണെന്ന് നാസയുടെ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു"- എന്നാണ്‌ ഏഷ്യാനെറ്റ്, മലയാള മനോരമ എന്നീ മാധ്യമങ്ങളുടെ  ഓണ്‍ലൈന്‍ പതിപ്പുകള്‍ വാര്‍ത്ത നല്‍കിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെതിരെ സംഘപരിവാര്‍ വ്യാപകമായി ഇത് പ്രചരിപ്പിക്കാനും തുടങ്ങി

എന്നാല്‍, നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന വിവരമല്ല ഇതെന്നും അവരുടെ തന്നെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി എന്ന ബ്ലോഗില്‍ വന്ന ഒരു ലേഖനം മാത്രമാണെന്നും അന്വോഷണത്തില്‍ കണ്ടെത്താനായി. 'എ ഫ്‌ളഡ് ഫോര്‍ ദ സെഞ്ച്വറി ഇന്‍ ഇന്ത്യ' എന്ന തലക്കെട്ടില്‍ കാഷ പട്ടേല്‍ എന്നയാളുടെ പേരില്‍ 2018 ആഗസ്ത് 22ന് വന്ന പ്രസ്തുത ലേഖനത്തില്‍ 'അസാധാരണമാം വിധം ശക്തമായ മണ്‍സൂണ്‍ മഴ' (Abnormally heavy monsoon rains) മൂലം വെള്ളപ്പൊക്കമുണ്ടായി എന്നാണ് പറയുന്നത്.

ഇതേ മഴ മ്യാന്‍മറില്‍ മുപ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം വെള്ളപ്പൊക്കം ഉണ്ടാക്കി എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഡാമുകളെ പറ്റി ലേഖനത്തിലെ പരാമര്‍ശം, 'Kerala's August rain played a part in the nearly once in a century flooding, although the flooding was worsened when water was released from several full dams, according to news reports' (ന്യൂസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡാമുകള്‍ തുറന്നത് വെള്ളപ്പൊക്കം കൂടുതല്‍ മോശമാക്കി) എന്നത് മാത്രമാണ്.  

സംഘപരിവാര്‍ പ്രചരിപ്പിക്കുന്നഎര്‍ത്ത് ഒബ്‌സര്‍വേറ്ററി ബ്ലോഗ് വിശദമായി പരിശോധിച്ചാല്‍ ഇതേ കാഷാ പട്ടേലിന്റേതായി ഒരു ലേഖനം കൂടി വന്നിട്ടുള്ളതായിക്കാണാം. (https://earthobservatory.nasa.gov/images/92669/before-and-after-the-kerala-floods) ആഗസ്റ്റ് 25ന്റെ 'Before and After the Kerala Floods ' എന്ന ഈ ലേഖനത്തിലും ആഗസ്റ്റ് 8 മുതല്‍ പെയ്ത കനത്ത മഴ മൂലമാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് നിസ്സംശയം വ്യക്തമാക്കുന്നുണ്ട്.

 ഡാമുകള്‍ തുറന്നത് മൂലമാണ് വെള്ളപ്പൊക്കം കൂടുതല്‍ മോശമായതെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്ന ന്യൂസ് റിപ്പോര്‍ട്ടുകളെ ഈ ലേഖനത്തില്‍ പരോക്ഷമായി കുറ്റപ്പെടുത്തുന്നുമുണ്ട്. 'The region started receiving heavy rain on August 8, 2018, but news reports state that the flooding was worsened by releases from dams'.

സംസ്ഥാന സര്‍ക്കാരിനെതിരെ ഏത് വിധേനയും വിമര്‍ശമുന്നയിക്കുക എന്ന  ലഷ്യത്തോടെ വ്യാജ വാര്‍ത്തകള്‍ നിരന്തരമായി സംഘപരിവാര്‍ പ്രചരിപ്പിക്കുമ്പോള്‍ അതിന് പിന്തുണ നല്‍കുന്ന വിധമാണ് നാസയുടെ പഠനവുമായി ബന്ധപ്പെട്ട് മനോരമ , ഏഷ്യാനെറ്റ് എന്നീ ഓണ്‍ലൈനുകളില്‍ വന്ന വാര്‍ത്ത.

വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാതെയാണ് ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പോര്‍ട്ടലുകള്‍ പ്രചരിപ്പിച്ചത് എന്ന് ഇതോടെ വ്യക്തമാകുകയാണ്‌.  മുതുക് ചവിട്ടുപടിയാക്കി പ്രളയത്തിലകപ്പെട്ട സ്ത്രീകളെ രക്ഷിച്ച മത്സ്യതൊഴിലാളി ജൈസലിന്റെ രക്ഷാപ്രവര്‍ത്തനത്തെ സൈന്യത്തിന്റെതാക്കി മണിക്കൂറുകളോളം വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്ത ഇന്ത്യ ടിവി യുടെ ലിങ്കുകള്‍ സംഘപരിവാര്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാസ പഠനത്തിന്റെ വ്യാജ പതിപ്പും ഇപ്പോള്‍  പ്രചരിപ്പിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top