17 October Wednesday

സൗജന്യ കൈത്തറി യൂണിഫോം: കൈത്തറി മേഖല‌യ്‌ക്ക് 25 കോടി സര്‍ക്കാര്‍ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

തിരുവന്തപുരം > കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ നെയ്‌ത്തു തൊഴിലാളികള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിന് വേണ്ടി 25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു നല്‍കി.  ഈ പദ്ധതിയില്‍ ഈ അദ്ധ്യായന വര്‍ഷം 7ാം ക്ലാസുവരെയുള്ള സര്‍ക്കാര്‍ സ്‌‌കൂളുകളിലെ നാലര  ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് 21 ലക്ഷം മീറ്ററോളം തുണിയാണ് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്‌തിട്ടുള്ളത്.  കൈത്തറി മേഖലയില്‍ 4600 ഓളം നെയ്‌തുതൊഴിലാളികളും അത്രതന്നെ അനുബന്ധ തൊഴിലാളികളുമാണ് ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

അടുത്ത അദ്ധ്യായന വര്‍ഷത്തേയ്ക്കുള്ള ഉല്‍പാദനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കൈത്തറി നെയ്‌തു തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ നല്‍കുവാനുള്ള തുക ഈ ഓണത്തിനു മുന്‍പ്തന്നെ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം നടത്തുവാന്‍ കൈത്തറി ഡയറക്‌ടറോടും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മാരോടും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍ദ്ദേശിച്ചു.

കേരള അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ പ്രളയക്കെടുതിയില്‍ അകപ്പെട്ട ജന വിഭാഗങ്ങളെ പരമാവധി സഹായിക്കുവാന്‍ മുഴുവന്‍ കൈത്തറി നെയ്‌ത്ത് തൊഴിലാളികളോടും ബന്ധപ്പെട്ട കൈത്തറി സ്ഥാപനങ്ങളോടും മന്ത്രി അഭ്യര്‍ത്ഥിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top