20 November Tuesday

എസ്‌ബിഐ കറൻസി ചെസ്റ്റുകൾ ഒഴിവാക്കി

എൻ കെ സുജിലേഷ‌്Updated: Saturday Sep 1, 2018


കണ്ണൂർ
കറൻസി ചെസ്റ്റുകൾ ഒഴിവാക്കി കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറാൻ എസ്ബിഐ നീക്കം. പണം കൈമാറ്റം കാഷ‌് അഡ്മിനിസ്ട്രേറ്റീവ് സെൽ സംവിധാനത്തിലേക്കാണ് എസ്ബിഐ മാറ്റുന്നത്. ബാങ്ക് ശാഖകളിലെ പണമിടപാടിനെ ഇത് പ്രതികൂലമായി ബാധിക്കും. സ്വകാര്യ പുതുതലമുറ ബാങ്കുകൾ കറൻസി ചെസ്റ്റുകൾ തുടങ്ങുന്നതിന് ആർബിഐയുടെ അനുവാദം കാത്തുകഴിയുമ്പോഴാണ് എസ്ബിഐ നിലവിലുള്ള സൗകര്യങ്ങളിൽനിന്ന് പിന്നോട്ടുപോകുന്നത്.

നിലവിൽ എസ്ബിഐക്ക് സംസ്ഥാനത്ത് നൂറ്റമ്പതിലേറെ കറൻസി ചെസ്റ്റുകളാണുള്ളത്. ഇതിൽ 32 ചെസ്റ്റുകളാണ‌് നിർത്തലാക്കാൻ തീരുമാനിച്ചിട്ടുള്ളത‌്. അടുത്ത ഘട്ടത്തിൽ കൂടുതൽ ചെസ്റ്റുകൾ നിർത്തലാക്കാനും നീക്കമുണ്ട്. കാഷ് അഡ്മിനിസ്ട്രേറ്റീവ് സെൽ (സിഎസി) സംവിധാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണിത്. സിഎസി വരുന്നതോടെ ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രധാന ശാഖ കേന്ദ്രീകരിച്ചാണ് പണമിടപാട് നടക്കുക. ട്രഷറി, ബാങ്ക് ശാഖകൾ, എടിഎമ്മുകൾ എന്നിവിടങ്ങളിലേക്ക് കറൻസി എത്തിക്കുന്നതിനാണ് തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകളിൽ ചെസ്റ്റുകൾ പ്രവർത്തിച്ചിരുന്നത്. റിസർവ് ബാങ്കിൽനിന്ന് ഇവ വഴിയാണ് കറൻസികൾ കൈമാറുന്നത്. എന്നാൽ ഈ സംവിധാനം സിഎസി വരുന്നതോടെ ഇല്ലാതാകും. സമീപത്തെ രണ്ടോ മൂന്നോ ചെസ്റ്റുകൾ ഒഴിവാക്കിയുള്ള സിഎസി സംവിധാനം നിലവിൽ കോഴിക്കോട് ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർണതോതിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ചെസ്റ്റുകൾ പൂട്ടുന്നത്.

സിഎസി നിലവിൽ വരുന്നതോടെ ബാങ്ക് ശാഖകൾക്ക് ആവശ്യമുള്ള പണം എത്തിക്കുകയാണ് ചെയ്യുക. ബാക്കിവരുന്നത് വൈകിട്ട് സിഎസിയിൽ തിരിച്ചേൽപ്പിക്കുകയും വേണം. ശാഖകളിൽ കൂടുതൽ പണം ആവശ്യമായി വരുമ്പോൾ അതാത് സമയങ്ങളിൽ എത്തിക്കേണ്ടിവരും. ശാഖകളുടെ സുഗമമായ പണമിടപാടിനെയാണ് ഇത് ബാധിക്കുക. നിലവിൽ ശാഖകളിൽ ആവശ്യമുള്ള പണം വേഗത്തിൽ എത്തിക്കുന്നതിന് സഹായിച്ചിരുന്നത് അടുത്തടുത്ത കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന കറൻസി ചെസ്റ്റുകളാണ്. ജില്ലാ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സിഎസികളിൽനിന്ന് മലയോരത്തടക്കമുള്ള വിദൂരപ്രദേശങ്ങളിലെ ശാഖകളിലേക്ക് പണമെത്തിക്കുന്നത് ഏറെ ശ്രമകരമാകും. നിലവിൽ എസ്ബിഐയുടെ ചെസ്റ്റുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന പൊതുമേഖലയിലേതുൾപ്പെടെയുള്ള ബാങ്ക് ശാഖകളെയും ഇത് ഗുരുതരമായി ബാധിക്കും. എസ്ബിഐയിൽ എസ്ബിടി ലയിപ്പിച്ചശേഷം സംസ്ഥാനത്ത് ശാഖകളുടെ എണ്ണം ഇരട്ടിയായി വർധിച്ചിരുന്നു. ഇവയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് കുടുതൽ ചെസ്റ്റുകൾ അനുവദിച്ച് പണം കൈമാറ്റം എളുപ്പമാക്കുന്നതിന് പകരം കൂടുതൽ സങ്കീർണമാക്കുകയാണ് എസ്ബിഐ.

പുതുതലമുറ സ്വകാര്യബാങ്കുകൾ കൂടുതൽ കേന്ദ്രങ്ങളിൽ കറൻസി ചെസ്റ്റുകൾ തുടങ്ങുന്നതിന് റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. എറണാകുളത്തടക്കം അനുവാദം ലഭിച്ചിട്ടുമുണ്ട്. പരമാവധി വേഗത്തിൽ പണമെത്തിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിലെല്ലാം ചെസ്റ്റുകൾ തുടങ്ങുന്നതിനാണ് സ്വകാര്യ ബാങ്കുകളുടെ നീക്കം. കറൻസി കൈമാറ്റം പൂർണമായി അവരുടെ കൈപ്പിടിയിലാക്കാനാണ് ഇതിലൂടെ ഇവയുടെ ശ്രമം. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top