18 November Sunday

സിനിമയെവെല്ലും കല്യാണം വിളികൾ

എ എസ് ജിബിനUpdated: Monday Jul 2, 2018


വീടുകൾ കയറിയിറങ്ങി ക്ഷണക്കത്ത് നൽകി വിവാഹം ക്ഷണിക്കാനൊന്നും ന്യൂജെൻ ഇല്ല‌. ഫോൺവിളിച്ചോ സമൂഹമാധ്യമങ്ങളിലൂടെയോ വിവാഹം ക്ഷണിച്ചിരുന്ന തലമുറ ഇപ്പോൾ ‘സേവ് ദി ഡേറ്റ്’ വീഡിയോയുടെ പിന്നാലെയാണ്. വീഡിയോഗ്രാഫർ സംവിധായകനായി മനോഹരമായ തിരക്കഥയിൽ വധൂവരന്മാർ നായികാനായകന്മാരായി തകർത്ത് അഭിനയിച്ച് വിവാഹദിവസമറിയിക്കുന്ന കൊച്ചു മ്യൂസിക്കൽ വീഡിയോ ആണ് സേവ് ദി ഡേറ്റ്.

പ്രമേയത്തിന്റെയും അഭിനയത്തിന്റെയും വീഡിയോഗ്രഫിയുടെയും മികവിൽ ഇവ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ന്യൂജെൻ ക്ഷണക്കത്തുകളുടെ പുതുമ നഷ്ടപ്പെട്ടു. സേവ് ദി ഡേറ്റ‌് വീഡിയോ ആശയ അവതരണ മികവോടെ അപ്‌ലോഡ് ചെയ്യപ്പെടുന്നതിനാൽ കാഴ്ചക്കാർക്ക് പുതുമ നഷ്ടപ്പെടുന്നതുമില്ല. ഒരു സിനിമാഗാനം കാണുന്ന പ്രതീതിയോടെ കാനണാം.

വിവാഹത്തിന് മുമ്പുള്ള പ്രീവെഡ്ഡിങ് ഷൂട്ടിന്റെ ഭാഗമായാണ് സേവ് ദി ഡേറ്റ് വീഡിയോ തയ്യാറാക്കുന്നത്. ആദ്യം രണ്ടുമിനിറ്റ് ദൈർഘ്യത്തിലായിരുന്നു നിർമാണം. എന്നാലിപ്പോൾ വധുവരന്മാരുടെയും വീഡിയോഗ്രാഫറുടെയും താൽപ്പര്യമനുസരിച്ച് ദൈർഘ്യം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ട്. വാട‌്സാപ്പ് സ്റ്റാറ്റസെത്തിയതോടെ 30 സെക്കൻഡ‌് ദൈർഘ്യത്തിനാണ് മുൻഗണന. വധൂവരന്മാരുടെ ഫെയ്‌സ്ബുക്ക് പേജിലും വാട്‌സാപ് സ്റ്റാറ്റസിലും യുടൂബിലുമെല്ലാം ഇത് അപ്‌ലോഡ് ചെയ്യപ്പെടും.

ഫെയ്‌സ്ബുക്കിൽ ഈവന്റ് ക്രിയേറ്റ് ചെയ്ത് സേവ് ദി ഡേറ്റ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നവരുണ്ട്. ഇത്തരത്തിൽ ഈവന്റ് ക്രിയേറ്റ് ചെയ്താൽ ഈവന്റിൽ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ക്ലിക്ക് ചെയ്യുന്നവരെ ഫെയ്‌സ്ബുക്ക് വിവാഹദിവസം ഓർമിപ്പിച്ചുകൊണ്ടിരിക്കും. വീഡിയോയ‌്ക്ക‌് മാത്രം 20,000 രൂപ വരെ ചെലവാകും. വിവാഹനിശ്ചയം മുതൽ വിവാഹവും ഔട്ട് ഡോറും ഉൾപ്പെടെയുള്ള നിരവധി പാക്കേജുകളാണുള്ളത്.  50,000 രൂപ മുതൽ പാക്കേജുകൾ ലഭ്യമാണ്.

വിവാഹസങ്കൽപ്പങ്ങളിലേക്ക് അതിവേഗം ചേക്കേറിയ സേവ് ദി ഡേറ്റ് വീഡിയോയ്ക്ക് നേരെ ഗൗരവമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ചെലവുകുറഞ്ഞ ക്ഷണക്കത്തുകളെ മാറ്റിനിർത്തി വിവാഹധൂർത്തിലേക്കിത് നയിക്കുന്നുവെന്നതാണ് വിമർശനം.

പ്രധാന വാർത്തകൾ
Top