19 September Wednesday

ദീപാ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി; ബിജെപി ഐടി സെല്‍ തലവനെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

ബിജു നായര്‍ കുമ്മനത്തിനൊപ്പം

കൊച്ചി > അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ  വധഭീഷണി ഉയര്‍ത്തിയ ബിജെപി ഐടി സെല്‍ തലവന്‍ തിരുവനന്തപുരം പാല്‍ക്കുളങ്ങര  കോഴിയാട്ട് ഇന്ദു നിവാസില്‍ ബിജു നായരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് നേരത്തെ സംഭവവുമായി ബന്ധപ്പെട്ട്‌ കേസെടുത്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ ബിജുവിനെ അറസ്‌റ്റ് ചെയ്തിരിക്കുന്നത്‌

 ദീപാ നിശാന്ത് എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അവളുടെ രക്തം വേണമെന്നും പറഞ്ഞായിരുന്നു ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ കൊലവിളി നടത്തിയത്. കഠ്വവ സംഭവത്തെ തുടര്‍ന്ന് ദീപക് ശങ്കരനാരായണന്‍ എന്നയാള്‍ എഴുതിയ പോസ്‌റ്റിനെ അനുകൂലിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു.



ഇതിനെ തുടര്‍ന്ന് ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ദീപക്കിന്റെയും ദീപാ നിശാന്തിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിക്കൊണ്ട് എല്ലാ പ്രവര്‍ത്തകരും ഇരുവര്‍ക്കുമെതിരെ രംഗത്തുവരണമെന്ന് ആഹ്വാനം നല്‍കി.


ദീപക്കിനെതിരെ പരാതി നല്‍കിയതിനെക്കുറിച്ചും സംഘത്തോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നും പറഞ്ഞ് ബിജു നായര്‍ ഫേസ്‌ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. ഇതില്‍ വന്ന കമന്റിലാണ് കൊലവിളിയും അതിന് പിന്തുണ നല്‍കുന്ന മറുപടിയും വന്നത്. ബിജെപി അനുകൂല പോസ്റ്റുകളും വ്യാജപ്രചരണങ്ങളും നടത്തുന്നവയാണ് ഈ രണ്ട് പ്രൊഫൈലുകളും.

അതേസമയം, സംഭവം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ന്യായീകരണവുമായി ബിജു നായര്‍ രംഗത്തെത്തി. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയുള്ള കമന്റാണ് പ്രചരിക്കുന്നതെന്നായിരുന്നു ഇയാളുടെ അവകാശവാദം.

എന്നാല്‍ രമേഷ് കുമാറിന്റെയും ബിജു നായരുടെയും മറുപടികളുടെ സ്‌ക്രീന്‍ഷോട്ടുകളുമായി നിരവധിപേര്‍ എത്തിയതോടെ ഇയാള്‍ക്ക് മറുപടി ഇല്ലാതെയായി.


 




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top