11 December Tuesday

സന്നിധാനത്ത് അറസ്റ്റിലായ 69 പേരെ റിമാന്‍ഡ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

പത്തനംതിട്ട > സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ഞായറാഴ്‌ച രാത്രി പൊലീസ് അറസ്റ്റ് ചെയ്‌ത് പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ 70 പ്രതികളില്‍ 69 പേരെ പത്തനംതിട്ട മുന്‍സിഫ് കോടതി റിമാന്‍ഡ് ചെയ്‌തു‌. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒഴിവാക്കി. സന്നിധാനത്തുനിന്ന് അറസ്റ്റ്‌ചെയ്തവരെ വെളുപ്പിനെ രണ്ടരയോടെ മണിയാര്‍ എആര്‍ ക്യാമ്പില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് പത്തനംതിട്ട കോടതിയില്‍ കൊണ്ടുവന്നത്. റിമാന്‍ഡ് ചെയ്ത പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. വകുപ്പ് 353 പ്രകാരമാണ് കേസ്. 

അന്യായമായി സംഘം ചേര്‍ന്നതിനും കേസുണ്ട്. നട അടച്ചശേഷം വലിയ നടപ്പന്തലില്‍ കൂട്ടംകൂടി ശരണം വിളികളുമായി നാമജപം നടത്തുകയായിരുന്നു. മണിയാര്‍ എആര്‍ ക്യാമ്പില്‍  വൈദ്യപരിശോധന നടത്തിയ ശേഷമാണ് വന്‍ പൊലീസ് വലയത്തില്‍ പ്രതികളെ കോടതിയില്‍ കൊണ്ടുവന്നത്. പൊലീസ് വാന്‍ റോഡില്‍ നിര്‍ത്തിയശേഷം മിനിസിവില്‍ സ്‌റ്റേഷന്റെ കിഴക്ക് വശത്തെ ഗേറ്റ് വഴി ഓരോ സംഘമായാണ് കോടതിയിലേക്ക് ഇവരെ പ്രവേശിപ്പിച്ചത്. ഇരുവശവും പൊലീസ് വലയം തീര്‍ത്തിരുന്നു. 

ഇവിടെയും നാമജപ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തി. മുഴുവന്‍ പ്രതികളെയും  ജയിലിലേക്ക് കൊണ്ടുപോയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്.  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top