21 October Sunday

ശബരിമലയില്‍ സംഭാവന വാങ്ങിയുള്ള ദര്‍ശനം ഇനി ഇല്ല

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017

തിരുവനന്തപുരം > ശബരിമലയില്‍ സംഭാവന വാങ്ങിയുള്ള   പ്രത്യേക ദര്‍ശനം അവസാനിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ബോര്‍ഡിന്റെ കാലത്ത് ആരംഭിച്ച ഈ രീതിയെപ്പറ്റി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.

ഇതുവരെ സംഭാവന രസീതുകള്‍ കൈപ്പറ്റിയവര്‍ക്ക്  ദര്‍ശന സൌകര്യം നല്‍കും. അന്നദാനത്തിനുള്ള സംഭാവന  സ്വീകരിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനും മറ്റ് ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടില്ല. ഇതിന്റെ ചുമതല ദേവസ്വം ബോര്‍ഡിനാണ്. ബോര്‍ഡ് രസീത് വഴി അന്നദാനത്തിനുള്ള സംഭാവന സ്വീകരിക്കും. ദേവസ്വം ബോര്‍ഡിന്റെ അന്നദാന അക്കൌണ്ടില്‍ പണം നിക്ഷേപിച്ചാലും മതിയാകും. അന്നദാന ഫണ്ടിനെപ്പറ്റി വിശദപരിശോധന നടത്തും. ബോര്‍ഡിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ക്ഷേത്രഭരണം കാര്യക്ഷമമാണോയെന്ന്  പരിശോധിക്കാന്‍ ബോര്‍ഡ് പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിജിലന്‍സ് സ്ക്വാഡ് രൂപീകരിക്കും. ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചാരണം ശരിയല്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 

സര്‍വീസിലിരുന്ന്  മരിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള നിയമനം ഉടന്‍ പുനരാരംഭിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ നടപ്പാക്കുന്ന  ഇന്‍ഷുറന്‍സ് പദ്ധതി ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും നടപ്പാക്കാനും തീരുമാനിച്ചു.  ബോര്‍ഡ് യോഗം എല്ലാ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ചേരും.  ശബരിമലയില്‍  24നു വിപുലമായ ശുചീകരണപരിപാടി സംഘടിപ്പിക്കും.

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയ  എല്‍ഡിഎഫ് സര്‍ക്കാര്‍  നടപടി ചരിത്രപരമാണ്.  ഈ തീരുമാനത്തെ ബോര്‍ഡ് പൂര്‍ണമായും സ്വാഗതം ചെയ്യുന്നെന്നും   എ പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബോര്‍ഡ് അംഗങ്ങളായ കെ രാഘവന്‍, കെ പി ശങ്കരദാസ് എന്നിവരും പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top