11 December Tuesday

ശശികല നാട്ടിലെമ്പാടും വര്‍ഗീയത പടര്‍ത്തുകയാണ്; കോടതിവിധിയെ സുവര്‍ണാവസരമായി കാണുന്നവര്‍ക്ക് ഭക്തരോട് യാതൊരു പ്രതിബദ്ധതയുമില്ല: കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018


തിരുവനന്തപുരം > ശബരിമല സ്ത്രീപ്രവേശന വിധിയെ ഒരു സുവര്‍ണാവസരമായി കാണുന്നവര്‍ക്ക് അയ്യപ്പനോടും അയപ്പഭക്തരോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലെന്ന് തിരിച്ചറിയുന്ന സന്ദര്‍ഭമാണിതെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഹിന്ദു ഐക്യവേദിയും ബിജെപിയും നേതൃത്വം നല്‍കുന്ന ഹര്‍ത്താലില്‍ സാധാരണ സമരങ്ങള്‍ക്ക് നല്‍കുന്ന ഇളവുപോലും നല്‍കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും  മന്ത്രി കടകംപള്ളി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പ ഭക്തരുടെ വാഹനമടക്കം ആര്‍എസ്എസ് സംഘം തടയുകയാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് വെള്ളംപോലും ലഭ്യമാകാത്ത വിധത്തിലാണ് ബിജെപിയുടേയും ഹിന്ദു ഐക്യവേദിയുടേയും സമരം. പല സ്ഥലത്തും അയ്യപ്പഭക്തര്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.

ശബരിമലയെ തകര്‍ക്കാന്‍ ആരാണ് കരുക്കള്‍ നീക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതൊക്കെ. ശശികല ടീച്ചര്‍ നാട്ടിലെമ്പാടും വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയ വിഷം നാട്ടിലെമ്പാടും ചീറ്റുന്ന രീതിയാണ് അവര്‍ സ്വീകരിച്ചുവരുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

 ഒരു മാസത്തിനിടയില്‍ നാലുതവണ ശശികല ശബരിമല സന്ദര്‍ശിക്കുന്നത് ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ശബരിമല ക്ഷേത്രത്തെ ചോരക്കളമാക്കി മാറ്റുന്നതിനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നത്. മരക്കൂട്ടത്ത് വച്ച് മടങ്ങിപ്പോകാന്‍ നിരന്തരമായി ശശികലയോട് പൊലീസ് അഭ്യര്‍ഥിച്ചു. എന്നാല്‍ അതിനവര്‍ തയ്യാറായില്ല.

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ശശികലക്കെതിരെ നടപടി എടുത്തത്. എന്നാല്‍ അതിനായി  ലക്ഷക്കണക്കിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാകാത്ത വിധത്തിലാണ് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്.

കരുനാഗപ്പള്ളിയിലും തലശേരിയിലും ചില പ്രത്യേക വിഭാഗങ്ങളുടെ കടകള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു സംഘപരിവാറെന്നും കടകംപള്ളി പറഞ്ഞു. രക്തവും മൂത്രവുമൊഴുക്കി നട അടപ്പിക്കുമെന്നുപറഞ്ഞ ഒരു മാന്യനുണ്ടായിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ കാണുന്നില്ല. ഇദ്ദേഹം തൃപ്തി ദേശായിയുമായി നില്‍ക്കുന്ന ഒരു ചിത്രം തന്റെ വാട്‌സാപ്പിലേക്ക് ഒരു സുഹൃത്ത് അയച്ചു തന്നിരുന്നു. ഇത്തരക്കാരുടെയെല്ലാം ലക്ഷ്യമെന്താണെന്ന് വ്യക്തമാണെന്നും കടകംപള്ളി വ്യക്തമാക്കി
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top