14 December Friday

ശബരിമലയിൽ പോകുന്ന എല്ലാ വിശ്വാസികൾക്കും പൂർണ സംരക്ഷണം ഉറപ്പുവരുത്തും: മന്ത്രി ഇ പി

സ്വന്തം ലേഖകൻUpdated: Monday Oct 15, 2018

കണ്ണൂർ> ശബരിമലയിൽ പോകുന്ന എല്ലാ വിശ്വാസികൾക്കും സർക്കാർ പൂർണ സംരക്ഷണം ഒരുക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. ശബരിമല വിഷയത്തിൽ സംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോൺഗ്രസും ശ്രമിക്കുന്നത‌്. ഈ സമീപനം കോൺഗ്രസ്സിനെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സമസാരിക്കുയായിരുന്നു ഇ പി.

ശബരിമല വിഷയത്തിൽ സംഘപരിവാറും കോൺഗ്രസും  ബോധപൂർവം അക്രമം ഉണ്ടാക്കാൻ ശ്രമിക്കുകയാണ‌്. നിലവാരം കുറഞ്ഞ പ്രചാരണമാണ് ഇവർ നടത്തുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി  സതീദേവിയുടെ കൈയ്യും കാലും കൊത്തുമെന്ന് ഭീഷണിപ്പെടുത്തി. പി കെ ശ്രീമതി എം പി ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണവും അസഭ്യ വർഷവും നടത്തി. സിനിമാക്കാരനായ കൊല്ലം തുളസി ശബരിമലയിൽ പോകുന്ന സ്ത്രീകളെ രണ്ടായി പിളരുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെയെല്ലാം തുടർച്ചയാണ് ശബരിമലയിൽ പോകാൻ മാലയിട്ട കണ്ണൂർ ഇരിണാവ് സ്വദേശിനി രേഷ്മ നിഷാന്തിന് നേരെ നടക്കുന്ന ആക്രോശങ്ങൾ.

ആർഎസ‌്എസ് തനിനിറം ജനങ്ങൾ തിരിച്ചറിയും. വിശ്വാസികളുടെ പ്രാർഥനാ യോഗങ്ങൾ അലങ്കോലപ്പെടുത്തുക, വിശ്വാസികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ അങ്ങേയറ്റം മോശമായ നടപടികളാണ് ആർ എസ് എസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

കോൺഗ്രസ്സിന്റെ കൊടി ഉപേക്ഷിച്ച് ബിജെപിക്കു പിന്നിൽ അണി നിരക്കാനാണ് ഇപ്പോൾ കോൺഗ്രസ്സ് നേതാക്കളുടെ ആഹ്വാനം. ഇത് കോൺഗ്രസ്സിന്റെ തകർച്ചയിലേക്ക് നയിക്കും. കോൺഗ്രസ്സിന്റെ പരമ്പര്യമല്ല ഇപ്പോൾ കേരളത്തിലെ നേതാക്കൾ പിന്തുടരുന്നത്. ശബരിമല വിധിയെ ആദ്യം കോൺഗ്രസ് ഹൈക്കമാണ്ടും ഉമ്മൻ ചാണ്ടി, ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും അനുകൂലിച്ചതാണ്. എന്നാൽ പിന്നീട് കേരളത്തിലെ നേതാക്കൾ നിലപാട് മാറ്റി. ഈ കള്ളക്കളിയെല്ലാം  ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.

വിശ്വസികളുമായി ഏറ്റുമുട്ടൽ എന്നത് സർക്കാർ നിലപാടല്ല. വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കുകയാണ് സർക്കാർ നയം.നിയമ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് കോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തം. ആ ചുമതലയാണ് സർക്കാർ നിറവേറ്റുന്നത്.

വിശ്വാസികളും ജനങ്ങളും ഇപ്പോൾ വസ്തുത തിരിച്ചറിഞ്ഞുതുടങ്ങി. ആദ്യ ഘട്ടത്തിൽ സമരത്തിനുണ്ടായ പലരും പിന്മാറി. വൈകാതെ ബാക്കിയുള്ളവരും പിന്മാറും. സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് ഇറക്കുന്നത്. ഇത്തരക്കാരുടെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യവും ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.

ശബരിമലയിൽ എത്തുന്ന എല്ലാവർക്കും സർക്കാർ സുരക്ഷ ഉറപ്പ് വരുത്തും. വിശ്വാസികൾക്ക് പൂർണ സംരക്ഷണം നൽകും.കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മലീമസമാക്കാൻ ജനങ്ങൾ അനുവദിക്കില്ല. കേരളത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ച് ജനങ്ങൾ ഉയർന്ന് പ്രവർത്തിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top