25 September Tuesday

ശബരിമലയിലെ സ്ത്രീപ്രവേശനം വിവേചനപരമായി ആരെയും വിലക്കാനാകില്ല

എം അഖിൽUpdated: Friday Jul 27, 2018



ന്യൂഡൽഹി
ശബരിമലയിലെ അയ്യപ്പവിഗ്രഹത്തെ ദർശിക്കാനുള്ള അവകാശത്തിൽനിന്ന‌് വിവേചനപരമായി ആരെയും വിലക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. പ്രവേശനത്തിന് സമയക്രമം ഉൾപ്പെടെയുള്ള വ്യവസ്ഥ നിശ്ചയിക്കാം. എന്നാൽ, വിവേചനത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനത്തിനു തന്നെ വിലക്കേർപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദംകേൾക്കവെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം.

കാലാകാലമായി നിലനിൽക്കുന്നതാണെങ്കിലും ഭരണഘടനാപരമായ പ്രശ്നങ്ങളുള്ള ആചാരങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ടിവരുമെന്ന് ഭരണഘടനാ ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്ക് പ്രവേശനവിലക്കേർപ്പെടുത്തുന്ന ആചാരം തുടരണമെന്ന് പന്തളം രാജകുടുംബം വാദിച്ചു. ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷ സ്വഭാവമാണ് നൈഷ്ഠികബ്രഹ്മചര്യമെന്നും ആ സ്വഭാവത്തെ അംഗീകരിക്കാത്തവർക്ക് അവിടെ ആരാധന നടത്താൻ അവകാശമില്ലെന്നും ക്ഷേത്രം തന്ത്രിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ഗിരി വാദിച്ചു.
ശബരിമലയിലെ ആചാരക്രമങ്ങളിൽ മാറ്റംവരുത്തുന്നത് ഗുരുതരമായ ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്ന് അയ്യപ്പസേവാസംഘത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കൈലാസ്നാഥ് പിള്ള വാദിച്ചു.  കേരളത്തിലെ സവിശേഷമായ ഒരാചാരമായി മാത്രം സ്ത്രീപ്രവേശന വിലക്കിനെ കാണണമെന്ന് ബ്രാഹ്മണസംഘടന വാദിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top