14 December Friday

ശബരിമല നട ഇന്ന് തുറക്കും ; 22 വരെ നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

പത്തനംതിട്ട
മണ്ഡലപൂജയ്ക്കായി വെള്ളിയാഴ‌്ച  വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി എ വി  ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് വി എൻ വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എം എൻ നാരായണൻ നമ്പൂതിരി മാളികപ്പുറത്തും  പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും.

വൃശ്ചികം ഒന്നിന‌് ശനിയാഴ‌്ച പുതിയ മേൽശാന്തിമാർ  പുലർച്ചെ നടതുറക്കും. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27 ന് നടക്കും. അന്നു രാത്രി പത്തിന് നട അടയ്ക്കും. ഡിസംബർ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 നാണ‌് മകരവിളക്ക്.  ജനുവരി 20 ന് നട അടയ്ക്കും.

മണ്ഡല -മകരവിളക്ക് തീർഥാടന കാലത്ത് തീർഥാടകർക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പൂർത്തിയായി. പ്രളയത്തിൽ പമ്പ ത്രിവേണിയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നടിഞ്ഞിരുന്നു.  സംസ്ഥാന സർക്കാർ നേരിട്ട് ഇടപെട്ട‌് നിലയ്ക്കൽ പുതിയ ബേസ് ക്യാമ്പായി ഉയർത്തുന്നതിന്  ടാറ്റാ കൺസ്ട്രക‌്ഷനെ ചുമതലപ്പെടുത്തി. പമ്പ ത്രിവേണിയിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ‌്തു. നിലയ്ക്കൽ വിരിവയ്ക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കി.

22 വരെ നിരോധനാജ്ഞ
പത്തനംതിട്ട > ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കലക്ടറുമായ പിബി നൂഹ് ഉത്തരവായി. നവംബർ 15ന് അർധരാത്രി മുതൽ നവംബർ 22ന് അർധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്.

ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അക്രമത്തിന് സാധ്യതയുണ്ടെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെയും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും ഉണ്ടായ സംഘർഷങ്ങളുടെയും സ്ഥിതിഗതികൾ നേരിട്ടു ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.  

ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രാർഥനായജ്ഞങ്ങൾ, മാർച്ച്, മറ്റ് നിയമവിരുദ്ധ ഒത്തുകൂടലുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.  തീർഥാടകർക്ക് സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്ന‌്  ഒഴിവാക്കിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശ വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളിൽ ഇതുവരെ 67 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സംഘം ചേർന്ന് പ്രതിഷേധ പരിപാടികളും അക്രമങ്ങളും നടത്താൻ സാധ്യതയുള്ളതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യത്തിൽ പ്രതിഷേധക്കാർ തമ്പടിച്ചാൽ ദർശനത്തിനു വരുന്ന ഭക്തജനങ്ങളെ തടയുന്നതുവഴി ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുകയും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം സംഭവിക്കുകയും ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ സംഘം ചേരലും പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും തടയുന്നതിനായി നവംബർ 14 മുതൽ ജനുവരി 14ന് മകരവിളക്കു വരെ രണ്ടു മാസക്കാലം നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യർഥിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top