17 October Wednesday

റുബീനയുടെ സ്വപ‌്നങ്ങളും മഴയെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018


നിലമ്പൂർ
മതിൽമൂല കോളനിയിൽ ബുധനാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിൽ കവർന്നെടുത്തത‌് റുബീനയുടെ സ്വപ്നങ്ങൾ. ഈ മാസം 18ന‌് വിവാഹം നിശ്ചയിച്ചിരിക്കെയാണ‌് മഴ വില്ലനായത‌്. വിവാഹത്തിനായി ഉമ്മ മറിയുമ്മ വായ്പയെടുത്ത‌ും സമ്പാദ്യത്തിൽനിന്ന‌് കൂട്ടിവച്ചും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അരലക്ഷത്തോളം രൂപയാണ‌് വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത‌്. ഇതുവരെ ഉണ്ടായിരുന്നതത്രയും സ്വരുക്കൂട്ടി കല്ല്യാണ മുന്നൊരുക്കത്തിലായിരുന്ന കുടുംബമിപ്പോൾ എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ‌ുള്ളത‌്.

കോട്ടയം സ്വദേശി യൂസഫുമായാണ‌്  റുബീനയുടെ വിവാഹം നിശ്ചയിച്ചിരുന്നത‌്. ജീവിച്ചുവളർന്ന വീട്ടിൽവച്ചുതന്നെ വിവാഹംകഴിക്കണമെന്ന ആഗ്രഹം ഇനി നടക്കില്ല. നിലമ്പൂർ കരിമ്പുഴയിലെ സഹോദരന്റെ വീട്ടിലേക്ക‌് വിവാഹം മാറ്റിയെങ്കിലും ചെലവുകളെങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണിവർ. വിവാഹത്തിന‌് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ‌് സഹോദരി സജ്നയും സഹോദരൻ സമീറുമടങ്ങുന്ന കുടുംബം.

പ്രധാന വാർത്തകൾ
Top