15 November Thursday

കൊല്ലത്ത‌് ഒഴിവാക്കിയ ശോഭായാത്രയുടെ പേരില്‍ വന്‍ പണപ്പിരിവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018


കൊല്ലം
ഒഴിവാക്കിയ ശ്രീക്യഷ‌്ണജയന്തി ആഘോഷത്തിന്റെ  മറവിൽ  രസീതടിച്ച്  വൻ പണപ്പിരിവ് . ശ്രീക്യഷ‌്ണജയന്തി ദിനത്തിൽ ബാലഗോകുലം ശോഭായാത്രയുടെ  പേരിൽ  പണപ്പിരിവുമായെത്തിയ ആർഎസ്എസ് പ്രവർത്തകരുടെ നടപടി   ചോദ്യംചെയ്ത ചിലരെ പിരിവുസംഘം ഭീഷണിപ്പെടുത്തി. ദുരിതാശ്വാസത്തിന്റെ മറവിൽ സേവാഭാരതിയുടെ മരംകടത്തും  ബാനർവച്ച് കാലിട്രക്കുകൾഓടിയതും വിവാദമായതിന് പിന്നാലെയാണ് പണപ്പിരിവ് തട്ടിപ്പ് .

ശ്രീക്യഷ‌്ണജയന്തി ആഘോഷം ഒഴിവാക്കി ശോഭായാത്രക്ക് ചെലവാകുന്ന തുക ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഓണത്തിനുമുമ്പ്  ചേർന്ന ബാലഗോകുലം സംസ്ഥാനസമിതി  അറിയിച്ചിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് തുക നൽകാൻ  നിർദേശമില്ലാതിരുന്നതിനാലും അർഹതപ്പെട്ടവരുടെ കൈകളിൽ നേരിട്ട് സഹായമെത്തിക്കാനാണ് ശ്രമമെന്നും  സംസ്ഥാനസമിതി അറിയിച്ചത‌് പ്രാദേശികഘടകങ്ങൾക്ക് അവസരമായി. ശോഭായാത്രക്ക് അച്ചടിച്ച രസീതുമായി ഞായറാഴ്ച രാവിലെ ആർഎസ്എസ് പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി നിർബന്ധിത പിരിവ് നടത്തി.

കൊല്ലം,കാവനാട്, കുരീപ്പുഴ, തൃക്കടവൂർ പ്രദേശങ്ങളിലും ചാത്തന്നൂർ, കുന്നത്തൂർ മണ്ഡലങ്ങളിലും  പിരിവിനോട്  കടുത്ത എതിർപ്പുണ്ടായി. പിരിഞ്ഞുകിട്ടുന്ന തുക അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുമെന്ന അറിയിപ്പിന് എന്ത് അടിസ്ഥാനമാണെന്നും ഇതിന്റെ  മാനദണ്ഡം   നിശ്ചയിക്കുന്നത് ആരെന്നുമുള്ള   ചോദ്യങ്ങളിൽനിന്ന് പിരിവുസംഘം ഒഴിഞ്ഞുമാറി. തുടരെ  ചോദ്യങ്ങളുണ്ടായപ്പോഴാണ‌്  ഭീഷണി ഉയർന്നത്.
ദുരിതാശ്വാസത്തിന്റെ മറവിൽ മരം ഉരുപ്പടികൾ കടത്തിയ  സേവാഭാരതിയുടെ വാഹനം കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടാണ‌് നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചത്. ചെങ്ങന്നൂർ, പത്തനംതിട്ട മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് എന്ന പേരിൽ സേവാ ഭാരതിയുടെ ബോർഡുവച്ച‌്  ആർഎസ്എസുകാർ തലങ്ങും വിലങ്ങും  വാഹനമോടിച്ചിരുന്നു.  പരിശോധിച്ചപ്പോൾ  ടാർപോളിൻ മൂടിയ ലോറി ശൂന്യമാണെന്ന് ബോധ്യപ്പെട്ടിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top