Top
23
Tuesday, January 2018
About UsE-Paper

സാജു വധശ്രമം: 3 ആര്‍എസ്എസ് നേതാക്കള്‍ അറസ്റ്റില്‍

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > സിപിഐ എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍ എസ് സാജുവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശാരീരിക് പ്രമുഖും മുഖ്യശിക്ഷകും ഉള്‍പ്പെടെ മൂന്ന് ആര്‍എസ്എസ് നേതാക്കള്‍ അറസ്റ്റില്‍.

ആര്‍എസ്എസിന്റെ ശ്രീകാര്യം ഉപനഗര്‍ ശാരീരിക് പ്രമുഖ് ചെറുവയ്ക്കല്‍ ഇളംകുളം മഠത്തുനട താഴത്തുവിളാകം രമ്യാഭവനില്‍ സുമേഷ് (26), കല്ലംപള്ളി ശാഖയിലെ മുഖ്യശിക്ഷക് ഇടവക്കോട് കല്ലമ്പള്ളി വിനായകനഗര്‍ കൃഷ്ണവിലാസത്തില്‍ ജയശങ്കര്‍ (26), ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇടവക്കോട് കരുമ്പുക്കോണം ക്ഷേത്രത്തിനുസമീപം ആദിത്യനഗര്‍ പറയ്ക്കോട് പുത്തന്‍വീട്ടില്‍ വിക്കിയെന്ന വിഘ്നേഷ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇടവക്കോട്ട് നടന്ന സിപിഐ എം വഞ്ചിയൂര്‍ ഏരിയ സമ്മേളനം വന്‍ വിജയമായതില്‍ വിറളിപൂണ്ടാണ് സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ സാജുവിനെ വകവരുത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30ന് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സാജുവിനെ അക്രമികള്‍ ബൈക്കുകളിലെത്തി വാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍കൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിനും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ സാജു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

സാജുവിനെ വധിക്കാന്‍ കഴിഞ്ഞ മൂന്നാഴ്ചയായി ആര്‍എസ്എസ് നേതൃത്വത്തിന്റെ ഒത്താശയോടെ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. സാജു സഞ്ചരിച്ചിരുന്ന വഴികള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ തയ്യാറാക്കിയാണ് ആക്രമണം നടത്തിയത്. വിഘ്നേഷ് ബൈക്ക് ഓടിക്കുകയും സുമേഷ്, സാജുവിനെ വെട്ടുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളുടെ നമ്പര്‍ പിന്തുടര്‍ന്നും മൊബൈല്‍ഫോണ്‍ രേഖകള്‍ ശേഖരിച്ചുമാണ് പ്രതികളെ കണ്ടെത്തിയത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കൂടാതെ ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും പിടികൂടാനുണ്ട്. അവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍  ഇന്‍സ്പെക്ടര്‍ സി ബിനുകുമാര്‍, ശ്രീകാര്യം എസ്ഐ സനോജ്, സിറ്റി ഷാഡോ എസ്ഐ സുനില്‍ലാല്‍, ഷാഡോ ടീം അംഗങ്ങള്‍, പൊലീസുകാരായ ഖാദര്‍, അനില്‍, ബിനു, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
 

Related News

കൂടുതൽ വാർത്തകൾ »