18 July Wednesday

പി ജയരാജനെ വധിക്കാൻ ക്വട്ടേഷൻ: പൊലീസ് സുരക്ഷ ശക്തമാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018


തലശേരി > സിപിഐ എം കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജനെ വധിക്കാൻ ആർഎസ്എസ് നേതൃത്വം പ്രൊഫഷണൽ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കനത്തജാഗ്രതയിൽ. അക്രമിസംഘത്തിന്റെ നീക്കം പൊലീസ് നിരീക്ഷിച്ചുവരികയാണ്. പി ജയരാജന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലും മറ്റും  സുരക്ഷാസംവിധാനം ശക്തിപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

സിപിഐ എം പ്രവർത്തകൻ പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനൻ വധക്കേസിലെ പിടികിട്ടാപ്പുള്ളി പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വം കൃത്യം നടത്താൻ നിയോഗിച്ചതെന്നാണ് റിപ്പോർട്ട്. കതിരൂർ സ്റ്റേഷൻ പരിധിയിലെ വെണ്ടുട്ടായി പുത്തങ്കണ്ടത്തെ കുപ്രസിദ്ധമായ വെണ്ടുട്ടായി ക്വട്ടേഷൻ സംഘത്തലവനായ പ്രനൂബ് ബാബു മോഷണം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. സിഐ പ്രദീപൻ കണ്ണിപ്പൊയിലിനെ ആക്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയാണ്. എരുവട്ടി കാപ്പുമ്മലിലെ അഷറഫിന്റെ കൊലപാതകം ഉൾപ്പെടെ ഡസൻകണക്കിന് മറ്റുകേസുകളും ഇയാൾക്കെതിരെയുണ്ട്്.

2013 ഒക്ടോബർ 23ന്റെ മെട്രോ മനോരമയിലൂടെയാണ് പ്രനൂബ് ഉൾപ്പെട്ട വെണ്ടുട്ടായി ക്വട്ടേഷൻ സംഘത്തിന്റെ താലിബാൻ മോഡൽ ഭീകരകൃത്യം നാടറിഞ്ഞത്. വെണ്ടുട്ടായി പുത്തങ്കണ്ടത്തെ ഒഴിഞ്ഞ കേന്ദ്രത്തിൽ തട്ടിക്കൊണ്ടുവരുന്നവരെ നഗ്നരാക്കി താഴെതീയിട്ട് കെട്ടിത്തൂക്കൽ, ദേഹത്ത് മുഴുവൻ കരിഓയിൽ തേച്ചുനിർത്തൽ, സിഗരറ്റ്കുറ്റികൊണ്ട് പൊള്ളിക്കൽ തുടങ്ങിയ പ്രാകൃതപീഡനമുറകളാണ് ഈ കേന്ദ്രത്തിൽ നടന്നതെന്നാണ് അഞ്ച്വർഷം മുമ്പ് മനോരമ റിപ്പോർട്ട്ചെയ്തത്. തുടർന്ന് ദേശീയമാധ്യമങ്ങളടക്കം ആർഎസ്എസിന് കീഴിലുള്ള ഈ സംഘത്തെക്കുറിച്ച് വാർത്ത നൽകിയിരുന്നു.

കായലോട് ബേക്കറി വ്യാപാരി സുനിൽകുമാറിനെയും പടിഞ്ഞിറ്റാംമുറിയിൽ ബസ് തടഞ്ഞ് ബിജുവിനെയും വധിക്കാൻ ശ്രമിച്ച സംഘത്തിലും പ്രനൂബുണ്ടായിരുന്നു. നാട്ടുകാർക്ക് ശല്യമായതിനെ തുടർന്ന് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. നേരത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ ചന്ദനത്തടിയും ബോംബുകളും പിടിച്ചിരുന്നു. ചെറുപ്പക്കാർക്ക് കഞ്ചാവും മദ്യവും നൽകിയാണ് ക്വട്ടേഷൻ സംഘത്തെ പോറ്റുന്നത്. കുപ്രസിദ്ധ ഗുണ്ടയെയാണ് കണ്ണൂരിലെ സിപിഐ എമ്മിന്റെ അമരക്കാരനായ പി ജയരാജന്റെ ജീവനെടുക്കാൻ ആർഎസ്എസ് നേതൃത്വം നിയോഗിച്ചത്. കണ്ണൂരിനെയും സംസ്ഥാനത്തെയും വീണ്ടും സംഘർഷത്തിലേക്ക് നയിക്കാനുള്ള ഗൂഢാലോചനയുടെകൂടി ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് വ്യക്തം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top