23 September Sunday

ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹകിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വധിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

കണ്ണൂര്‍ > ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹകിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ് ഇരു സംഘടനകളും ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കി. കുറ്റപത്രം സമര്‍പ്പിച്ച് തലശേരി സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പ്രതിയും സാക്ഷികളും കൂറുമാറിയത്. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ആയിരുന്ന തയ്യില്‍ ഐശ്വര്യയിലെ ശശിധരന്റെ മകന്‍ ശശാങ്കനെയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് വാദിഭാഗം മൊഴി നല്‍കിയതോടെ കോടതി കേസ് നടപടികള്‍ തുടരുന്നത് ഒഴിവാക്കുകയായിരുന്നു.

2009 മാര്‍ച്ച് 15നാണ് സംഭവം. കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് പകല്‍ രണ്ടിനാണ് അക്രമം. പോപ്പുലര്‍ഫ്രണ്ടുകാരുടെ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സായൂജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കാണാന്‍ എത്തിയതായിരുന്നു ശശാങ്കന്‍. പറമ്പത്ത് ജംഷീര്‍, പുതിയപുരയില്‍ സാജിദ്, പഴയപുരയില്‍ ലത്തീഫി, പി ഹാഷിം, ടി കെ ഷാജഹാന്‍, കുന്നുമ്മല്‍ മുബഷീര്‍ തുടങ്ങിയവരായിരുന്നു പ്രതികള്‍.

കാര്യവാഹകിനെ വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലും പരിസരത്തും ആര്‍എസ്എസുകാര്‍ അക്രമപരമ്പരയ്ക്ക് തുടക്കമിട്ടു. പള്ളിക്കുന്നിലെ ഫര്‍ണിച്ചര്‍ സ്ഥാപനം കത്തിച്ചു. മാര്‍ക്കറ്റിലെ ചില കടകളും അഗ്‌നിക്കിരയാക്കി. നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അക്രമങ്ങളാണ് അരങ്ങേറിയത്. തുടര്‍ച്ചയായ കുഴപ്പങ്ങള്‍ സൃഷ്ടിച്ച് വര്‍ഗീയകലാപമുണ്ടാക്കാനായിരുന്നു ശ്രമം. പൊലീസ് പണിപ്പെട്ടാണ് ഇത് തടഞ്ഞത്.

ജില്ലയില്‍ ആര്‍എസ്എസും പോപ്പുലര്‍ഫ്രണ്ടും തമ്മിലുള്ള കേസുകള്‍ ഒത്തുതീര്‍ക്കുന്നത് പതിവാണ്.  വധശ്രമക്കേസുകളില്‍ ഉള്‍പ്പെടെ ഒരേതൂവല്‍ പക്ഷികളായുള്ള നയമാണ് ഇരുകക്ഷികളും സ്വീകരിക്കുന്നത്. കുറ്റപത്രത്തില്‍ ശശാങ്കന്റെ മൊഴിയായി 'രാഷ്ട്രീയവിരോധം' മൂലമുള്ള വധശ്രമം എന്ന് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top