19 September Wednesday

മുളകുപൊടിയെറിഞ്ഞ് ആർഎസ്എസ് ആക്രമണം; 4 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ചേർപ്പ്
ഇരുട്ടിൽ പതിയിരുന്ന് കണ്ണിലേക്ക‌് മുളകുപൊടിയെറിഞ്ഞ് ബിജെപി ‐ ആർഎസ്എസ് സംഘം നടത്തിയ ആക്രമണത്തിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ഡിവൈഎഫ്ഐ ചേർപ്പ് പാറക്കോവിൽ യൂണിറ്റ് പ്രസിഡന്റ‌് കാവിൽപ്പാടം വിളക്കത്തറ മനു (28),  പ്രവർത്തകരായ പാറക്കോവിൽ കോച്ചേരം വിഷ്ണു, അനീഷ്, മിഥുൻ എന്നിവർക്കാണ് പരിക്കേറ്റത്. വല്ലച്ചിറയിലെ ബിജെപി  ‐ ആർഎസ്എസ് പ്രവർത്തകരായ നകുലൻ, സുധീഷ് ലാൽ, സാബു, ബിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുമ്പുദണ്ഡ്, വടിവാൾ എന്നിവകൊണ്ട‌്  ആക്രമിച്ചത‌്.  ഇരുമ്പുദണ്ഡുകൊണ്ട്  അടിയേറ്റ മനുവിന്റെ തല പൊളിഞ്ഞ് 24 തുന്നലുകൾ ഇടേണ്ടി വന്നു. ഇടതു കൈ മുട്ട് തകർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. വാളുകൊണ്ടുള്ള ആക്രമണത്തിൽ പുറത്ത് മുറിവേറ്റു. വിഷ്ണുവിന്റെയും കൈ ഒടിഞ്ഞ നിലയിലാണ്.

ഇരുവരും തൃശൂർ മെട്രോപൊളിറ്റൻ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രമണം. സ്വർണ്ണപ്പണിക്കാരനായ മനുവും കൂട്ടുകാരും ജോലി കഴിഞ്ഞ് വല്ലച്ചിറയിലെ സുഹൃത്തിന്റെ വീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ‌് ആക്രമിക്കപ്പെട്ടത്. വല്ലച്ചിറയിൽനിന്ന് പെരുമ്പിള്ളിശേരി പാറക്കോവിലിലേക്ക‌് രണ്ടു ബൈക്കുകളിലായി പോയിരുന്ന ഇവരെ കാവിൽപാടത്തുവച്ച് നകുലൻ തടഞ്ഞുനിർത്തി. ഉടൻ  ഇരുട്ടിൽ മറഞ്ഞിരുന്ന മറ്റ് സംഘാംഗങ്ങൾ  മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മനുവിനെ കാലിൽ ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ‌്ത്തി ക്രൂരമായി മർദിച്ചു.സംഭവത്തിൽ ചേർപ്പ് പൊലീസ് അന്വേഷണമാരംഭിച്ചു. സിപിഐ എം,  ഡിവൈഎഫ്ഐ പ്രവർത്തകർ ചേർപ്പിൽ പ്രതിഷേധ പ്രകടനം നടത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top