15 November Thursday

നിപാ പാഠമാകണം; കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും ആശുപത്രികളിൽ നിയന്ത്രണം വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

കോഴിക്കോട‌്>നിപാ വൈറസ‌് കോഴിക്കോട‌് കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ഗുരുതരമല്ലാത്ത അസുഖങ്ങൾ താഴെ തട്ടിലുള്ള ആശുപത്രികളിൽ ചികിത്സിക്കണമെന്നും മെഡിക്കൽ കോളേജ‌് ആശുപത്രി റഫറൽ ആയിരിക്കണമെന്നും കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിന്റെ കാലത്തെടുത്ത തീരുമാനം പുതിയ സാഹചര്യത്തിൽ കർശനമാക്കണമെന്നും ആരോഗ്യ വിദഗ‌്ധർ പറയുന്നു.

നിപാ ബാധിച്ച‌് മരിച്ച 17 പേരിൽ എട്ട‌് പേരും രോഗികൾക്കൊപ്പം വന്ന കൂട്ടിരിപ്പുകാരാണ‌്. നാല‌് പേർ ഒരു വീട്ടിലുള്ളവർ. ചികിത്സിച്ച നേഴ‌്സിനെ മാറ്റി നിർത്തിയാൽ നാല‌് പേർക്ക‌് മാത്രമേ രോഗാവസ്ഥയിൽ വൈറസ‌് പിടിപെട്ടിട്ടുള്ളൂ.  മരിച്ചവരെല്ലാം നല്ല ആരോഗ്യമുള്ളവർ. മൂന്ന‌് പേർ 30 വയസ്സിന‌് താഴെയുള്ളവരാണ‌്. ആറ‌് പേർക്ക‌് വൈറസ‌് പകർന്നത‌് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി, അതിന്റെ ഇടനാഴി, സ‌്കാനിങ‌് മുറി എന്നിവിടങ്ങളിൽ നിന്നാണ‌്.

മെഡിക്കൽ കോളേജാശുപത്രി, കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രി, സൂപ്പർ സ‌്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിലായി 3000 കിടക്കകളാണുള്ളത‌്.  ഏറ്റവും തിരക്കുള്ള ദിവസങ്ങളിൽ ഇവിടെ  3800 ലധികം രോഗികളെ കിടത്തി ചികിത്സിക്കാറുണ്ട‌്. കാഷ്വാലിറ്റിയിൽ ഏതാണ്ട‌് 500 പേരും. മൂന്നിടത്തുമായി ഇതിന‌് പുറമേ ഡോക്ടർമാരെ കാണിച്ച‌് പോകുന്നവർ ഏതാണ്ട‌് 5000 പേർ വരുമെന്നും കണക്കുകൾ പറയുന്നു.

ഇത‌് രോഗികളുടെ കണക്കാണെങ്കിൽ കൂട്ടിരിപ്പുകാരുടെയും രോഗികൾക്കൊപ്പം വരുന്ന സഹായികളുടെയും സംഖ്യ ഇതിന്റെ രണ്ടിരട്ടി വരും. മിക്കയിടത്തും ഒരു രോഗിക്ക‌് രണ്ട‌് കൂട്ടിരിപ്പുകാരുണ്ടാകും. ചെറിയൊരു അപകടം നടന്നാൽ പോലും ഒരു രോഗിക്കൊപ്പം ചുരുങ്ങിയത‌് നാലും അഞ്ചും പേർ കാഷ്വാലിറ്റിയിലേക്ക‌് തള്ളിക്കയറും. ഡോക്ടർമാർക്ക‌് രോഗികളെ ചികിത്സിക്കാൻ  കഴിയാത്ത വിധം ഇവർ കട്ടിലിന‌് ചുറ്റും തമ്പടിക്കും. ഇവരെ ഒഴിവാക്കാനുള്ള ശ്രമം പലപ്പോഴും സെക്യൂരിറ്റിക്കാരുമായി തർക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീളാറുണ്ട‌്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറമേയാണ‌് രോഗികളെ കാണാൻ തീർഥയാത്ര പോലെയുള്ള സന്ദർശകരുടെ ഒഴുക്ക‌്. ഭക്ഷണവുമായെത്തി കട്ടിലിനടുത്ത‌് വട്ടം കൂടിയിരുന്ന‌് കഴിക്കുന്നവരും കുറവല്ല. മിക്കവരും കുഞ്ഞുങ്ങളെയും കൊണ്ടുവരാറുണ്ട‌്.

നിപാ ബാധിച്ച‌് മരിച്ചവരിൽ എട്ട‌് പേർക്കും സാബിത്തിൽ നിന്നാണ‌് രോഗപ്പകർച്ചയുണ്ടായതെന്നാണ‌് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. മെഡിക്കൽ കോളേജിൽ ഒരു പകൽ മാത്രമേ ഇദ്ദേഹം തങ്ങിയിട്ടുള്ളൂ. വൈകിട്ട‌് മരിച്ചു. വാർഡിൽ ഒന്ന‌് രണ്ട‌് ദിവസം തങ്ങിയിരുന്നെങ്കിൽ രോഗപ്പകർച്ച ഉൗഹിക്കാനാവാത്ത വിധം വർധിക്കുമായിരുന്നു.

പ്രധാന വാർത്തകൾ
Top