18 December Tuesday

സര്‍ക്കാരിന്റെ സംവരണനയം സംബന്ധിച്ച്‌ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാന രഹിതം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

തിരുവനന്തപുരം > ഹിന്ദുസമുദായ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുമായി ബന്ധപ്പെടുത്തി സര്‍ക്കാരിന്റെ സംവരണനയത്തെക്കുറിച്ച് ചില മാധ്യമങ്ങള്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതവും ജനങ്ങളില്‍ തെറ്റിദ്ധാരണയുളവാക്കാന്‍ കെട്ടിച്ചമച്ചതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സംവരണം സംബന്ധിച്ച് എല്‍ഡിഎഫിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിത നിലപാട് അര്‍ഥശങ്കയ്ക്ക് ഇടമില്ലാതെയാണ് ഹിന്ദുസമുദായ സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. സംവരണത്തിന് അര്‍ഹതയില്ലാത്ത മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കണമെന്നതാണ് നിലപാട്. അതില്‍ ഒരു മാറ്റവും ഇല്ല. എന്നാല്‍ 50 ശതമാനത്തിലധികം സംവരണം അനുവദിക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

 അതിനുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുന്ന ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായി. ഹിന്ദുസമുദായ അംഗങ്ങള്‍ക്ക് മാത്രമാണ് ദേവസ്വം ബോര്‍ഡിലെ നിയമനം. അതിനാല്‍, മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള 18 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ ബാധകമല്ല.

അതില്‍ 10 ശതമാനം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ബാക്കി 8 ശതമാനം പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ഈഴവര്‍ക്കും മറ്റു പിന്നോക്ക സമുദായങ്ങള്‍ക്കും വീതിച്ചു നല്‍കും. ഈ തീരുമാനം നടപ്പാക്കുന്നതിനുളള ചട്ടഭേദഗതികള്‍ ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റില്‍ വരുത്താനുളള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതെല്ലാം മറച്ചുവെച്ച് തെറ്റിദ്ധാരണ പരത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top