18 August Saturday

നീരൊഴുക്കിൽ സർവകാല റെക്കോഡ് ; 24 ഡാം തുറന്നു

വി എം രാധാകൃഷ‌്ണൻUpdated: Friday Aug 10, 2018

പാലക്കാട്‌ കൽമണ്ഡപം കൽപ്പാത്തി ബൈപ്പാസിലെ കമലാലയം കോമ്പൗണ്ടിൽ വെള്ളംകയറിയ പ്രദേശത്ത്‌ നിന്ന്‌ കൈക്കുഞ്ഞിനെയും യ ുവതിയെയും സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റുന്ന രക്ഷാപ്രവർത്തകർ /

തൃശൂർ 
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്ത് 24 ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഇതിൽ അഞ്ചെണ്ണം ചെറിയ ഡാമുകളാണ്. ഇറിഗേഷൻ വകുപ്പിനു കീഴിലെ 15 ഡാമുകളും കെഎസ്ഇബിക്കു കീഴിൽ ഇടുക്കി ഉൾപ്പെടെ ഒമ്പതു ഡാമുകളുമാണ് തുറന്നത്. ഡാമുകളിലെ ജലസംഭരണവും നീരൊഴുക്കും സമീപകാലത്തെ റെക്കോഡാണെന്ന് ഇറിഗേഷൻ, കെഎസ്ഇബി അധികൃതർ 'ദേശാഭിമാനി'യോട‌് പറഞ്ഞു. 

സംസ്ഥാനത്ത് ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ 16 മേജർ ഡാമുകളും അഞ്ച് മൈനർ ഡാമുകളുമുണ്ട്. മലമ്പുഴ, പീച്ചി, വാഴാനി, നെയ്യാർ, കല്ലട, കുറ്റ്യാടി, മംഗലം, മലങ്കര, പോത്തുണ്ടി, കാരാപ്പുഴ  എന്നീ മേജർ ഡാമുകളും പഴശി, മണിയാർ, ചീരക്കുഴി, മൂലത്തറ, ഭൂതത്താൻകെട്ട് എന്നീ  ചെറിയ ഡാമുകളുമാണ് തുറന്നത്. ചെറുഡാമുകളിൽ ചിലതിൽ  അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഷട്ടറുകൾ സദാ തുറന്നവയാണ്. തൃശൂർ ജില്ലയിലെ ഏറ്റവും ജലസംഭരണ ശേഷിയുള്ള ചിമ്മിനി ഡാം ഷട്ടർ തുറക്കാനുള്ള ആദ്യ മുന്നറിയിപ്പ് വ്യാഴാഴ്ച രാവിലെ നൽകി. ഏതു സമയവും തുറക്കുമെന്ന് അധികൃതർ പറഞ്ഞു. തമിഴ്നാട് സർക്കാരിന്റെ അധീനതയിലുള്ള കേരള അതിർത്തിയിലെ പറമ്പിക്കുളം ഡാമും തുറന്നു. വാളയാർ, മീൻകര, ചുള്ളിയാർ, കാഞ്ഞിരപ്പുഴ ഡാമുകളിലും ജലനിരപ്പ് പാരമ്യത്തിലേക്ക് ഉയരുകയാണ്. ഇത്രയേറെ ഡാമുകൾ ഒരുമിച്ച് തുറന്നത് ആദ്യാനുഭവമാണെന്ന് ഇറിഗേഷൻ ചീഫ് എൻജിനിയർ കെ എച്ച് ഷംസുദ്ദീൻ പറഞ്ഞു.

സംസ്ഥാനത്ത് കെഎസ്ഇബിക്കു കീഴിൽ 32 ജല വൈദ്യുത പദ്ധതികളുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന ഇടുക്കി കൂടാതെ ഇടമലയാർ, ഷോളയാർ, കുറ്റ്യാടി, ആനയിറങ്കൽ, നേര്യമംഗലം, പെരിങ്ങൽക്കുത്ത്, ലോവർ പെരിയാർ, ബാണാസുര സാഗർ എന്നീ ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. തമിഴ്നാട് വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അപ്പർ ഷോളയാർ ഡാമിന്റെ ഷട്ടറുകളും തുറന്നു. മൂന്നു ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനെത്തുടർന്ന് ചാലക്കുടിപ്പുഴ കരകവിഞ്ഞു.

വൈദ്യുതി ബോർഡിനു കീഴിലുള്ള ഡാമുകളിലേക്ക് തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിച്ച ശേഷം 497 കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ നീരൊഴുക്കുണ്ടായി. ഈ സീസണിലെ സർവകാല റെക്കോഡാണിത്. സമീപകാലത്ത് കൂടുതൽ ജലസംഭരണം ഉണ്ടായ 2007‐08 ൽ ഈ സമയത്ത് 427 കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള നീരൊഴുക്കാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഇതേസമയം 147 കോടി യൂണിറ്റ്് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ആഭ്യന്തരമായി 2113 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. കെഎസ്ഇബിക്കു കീഴിലുള്ളതുകൂടാതെ സ്വകാര്യ സംരംഭകരുടെ നിയന്ത്രണത്തിലുള്ള എട്ട് ചെറിയ ജലവൈദ്യുതി ഉൽപ്പാദന  നിലയങ്ങളുണ്ട്.

3 സേനകളും രംഗത്ത‌്
തിരുവനന്തപുരം
കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കര‐വ്യോമ‐ നാവികസേന വിഭാഗങ്ങളും രംഗത്ത‌്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥനയെ തുടർന്നാണ‌് രക്ഷാപ്രവർത്തനങ്ങൾക്കടക്കം സുസജ്ജമായി സേനാവിഭാഗങ്ങൾ വിവിധ ജില്ലകളിലെത്തിയത‌്. സംസ്ഥാന സർക്കാർ വകുപ്പുകളുമായി ചേർന്നാണ‌് പ്രവർത്തനം.

തിരുവനന്തപുരം പാങ്ങോട‌് മിലിട്ടറി സ‌്റ്റേഷനിൽനിന്ന‌് ഒരു ക്യാപ‌്റ്റന്റെ നേതൃത്വത്തിലുള്ള 35 അംഗ സൈനികവ്യൂഹം ഇടുക്കിയിലെത്തി. പാങ്ങോട‌് സ‌്റ്റേഷനിൽ രണ്ട‌് വ്യൂഹങ്ങൾകൂടി സജ്ജമാണ‌്. ആവശ്യമെങ്കിൽ കോയമ്പത്തൂരിൽനിന്നും സൈനികർ എത്തും. വയനാട്ടിലേക്ക‌് ഇവർ കണ്ണൂരിൽനിന്നെത്തിയ കരസേനയുടെ ഒരു വ്യൂഹത്തെ നിയോഗിച്ചു. കോയമ്പത്തൂർ സുളൂരിൽനിന്ന‌് വ്യോമസേനയുടെ രണ്ട‌് ഹെലികോപ്‌റ്ററുകൾ രക്ഷാപ്രവർത്തനങ്ങൾക്കായി വയനാട്ടിലെത്തി. തിരുവനന്തപുരം വ്യോമസേന ആസ്ഥാനമാണ‌് പ്രവർത്തനം ഏകോപിപ്പിക്കുന്നത‌്. വ്യോമസേനയുടെ എൻ 32 വിമാനം ആർക്കോണത്ത‌ുനിന്ന‌് ദേശീയ ദുരന്തനിവാരണസേന കേരളത്തിലേക്ക‌് എത്തിക്കാൻ നിയോഗിച്ചിട്ടുണ്ട‌്. വ്യോമസേനയുടെ ഹെലികോപ‌്റ്ററുകൾ ആവശ്യമെങ്കിൽ മറ്റിടങ്ങളിലും എത്തും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top