18 November Sunday

സൗജന്യ മണ്ണെണ്ണയില്ല; ലിറ്ററിന‌് 42 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


സംസ്ഥാനത്തിന‌് സൗജന്യമായി മണ്ണെണ്ണ നൽകാനാവില്ലെന്നും ലിറ്ററിന‌് 42 രൂപ നിരക്കിൽ തരാമെന്നും കേന്ദ്ര സർക്കാർ. പ്രളയത്തിന്റെ പശ‌്ചാത്തലത്തിൽ കേന്ദ്രം 12,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചിരുന്നു. ലിറ്ററിന‌് വ്യവസായനിരക്കായ  72 രൂപ നിരക്കിൽ പണം നൽകണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ആദ്യം സംസ്ഥാനത്തെ അറിയിച്ചത‌്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.

സൗജന്യമായി മണ്ണെണ്ണ അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ട‌് സംസ്ഥാനം കേന്ദ്രത്തിന‌് കത്തെഴുതി. എന്നാൽ, സൗജന്യമായെന്നല്ല സബ‌്സിഡി നിരക്കിൽ പോലും (ലിറ്ററിന‌് 29 രൂപ) മണ്ണെണ്ണ അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ല. ഇപ്പോൾ അനുവദിച്ച നിരക്കിൽ മണ്ണെണ്ണ എടുത്തില്ലെങ്കിൽ വിഹിതം നഷ‌്ടമാകുമോ എന്ന ആശങ്കയുള്ളതിനാൽ 42 രൂപ നിരക്കിൽ മണ്ണെണ്ണ വാങ്ങാനാണ‌് സർക്കാർ തീരുമാനം.

വാങ്ങുന്ന മണ്ണെണ്ണ ആർക്കൊക്കെ ഏതളവിൽ വിതരണം ചെയ്യണമെന്ന‌് സർക്കാർ തീരുമാനിക്കും. പ്രളയബാധിത പ്രദേശങ്ങളിലെല്ലാം വൈദ്യുതി ബന്ധവും പാചകവാതക വിതരണവും അവതാളത്തിലായ സാഹചര്യത്തിലാണ് കേരളം അധിക മണ്ണെണ്ണ ആവശ്യപ്പെട്ടത്.

പ്രളയത്തെത്തുടർന്ന‌് സൗജന്യമായി അരി ആവശ്യപ്പെട്ട സംസ്ഥാനത്തിന‌് കിലോയ‌്ക്ക‌് 25 രൂപ നിരക്കിലുള്ള അരിയാണ‌് കേന്ദ്രം അനുവദിച്ചത‌്.
സബ‌്സിഡി നിരക്കിൽ മൂന്ന‌് രൂപയ‌്ക്ക‌് നൽകുന്ന അരിയും നൽകിയില്ല. 89,540 മെട്രിക‌് ടൺ അരിയാണ‌് അനുവദിച്ചത‌്.  തൽക്കാലം അരിയെടുക്കാൻ പണം നൽകേണ്ടെന്നും പിന്നീട‌് കേന്ദ്രം നൽകുന്ന സഹായത്തിൽനിന്ന‌് ഈ പണം തിരിച്ചുപിടിക്കുമെന്നാണ‌് അറിയിച്ചത‌്.

അരി സൗജന്യമായി അനുവദിക്കണമെന്ന‌് സംസ്ഥാനം വീണ്ടും ആവശ്യപ്പെടും. അനുവദിച്ച അരി നഷ‌്ടപ്പെടാതിരിക്കാൻ അരി എടുക്കുകയും ചെയ്യും.


പ്രധാന വാർത്തകൾ
Top