21 November Wednesday

ക്യാമ്പിൽ സുഖം; പക്ഷേ, ഞങ്ങടെ വീട‌്...

സ്വന്തം ലേഖകൻUpdated: Monday Aug 13, 2018

പറവൂർ എളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പ‌് സന്ദർശിച്ച കേന്ദ്രമന്ത്രി രാ‌ജ‌് നാഥ‌് സിങ്ങിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ക്യാമ്പിലുള്ള വീട്ടമ്മ സംസാരിക്കുന്നു

കൊച്ചി
ഇവിടെ ഞങ്ങൾ സുഖമായി കഴിയുന്നു, എല്ലാ സൗകര്യങ്ങളുമുണ്ട‌്. ഇനി തിരിച്ച‌് വീട്ടിലെത്തുമ്പോഴുള്ള സ്ഥിതിയാണ‌് പേടിപ്പെടുത്തുന്നത‌്‐ പറവൂർ എളന്തിക്കര ഗവ. എൽപി സ‌്കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും അടക്കമുള്ളവരോട‌് കോഴിത്തുരുത്ത‌് നിവാസികളുടെ ആശങ്കയാണ‌് ലക്ഷ‌്മി നടേശൻ പങ്കുവച്ചത‌്. കേന്ദ്ര‐ സംസ്ഥാന സർക്കാരുകൾ ഒപ്പമുണ്ടെന്ന മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും  വാക്കുകൾ ക്യാമ്പിലെ 520 പേരും കൈയടിയോടെയാണ‌് സ്വീകരിച്ചത‌്. ഞായറാഴ‌്ച വൈകിട്ടാണ‌് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ‌്നാഥ‌് സിങ്ങും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ ക്യാമ്പ‌് സന്ദർശിച്ചത‌്.

മഴക്കെടുതിയും വെള്ളപ്പൊക്കവും നേരിടുന്നതിൽ സംസ്ഥാനസർക്കാരിന് കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും കേന്ദ്രമന്ത്രി വാഗ്ദാനംചെയ്തു. മഴക്കെടുതിമൂലമുള്ള സംസ്ഥാനത്തെ സ്ഥിതി അതീവഗുരുതരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെടുതി പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ സന്ദർശിച്ചശേഷമാണ് അദ്ദേഹം ദുരിതാശ്വാസക്യാമ്പിൽ എത്തിയത‌്. കേരളത്തിലെ മഴക്കെടുതി വിലയിരുത്താൻ 10 ദിവസംമുമ്പ് കേന്ദ്രസഹമന്ത്രി കിരൺ റിജിജു എത്തിയിരുന്നുവെന്നും അദ്ദേഹം സ്ഥിതി ധരിപ്പിച്ചിട്ടുണ്ടെന്നും  രാജ്നാഥ് സിങ‌് പറഞ്ഞു.ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴുള്ള സ്ഥിതിഗതികളെക്കുറിച്ച് ആശങ്കവേണ്ടെന്നും സർക്കാർ ഒപ്പമുണ്ടെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ‌് ഏവരും സ്വീകരിച്ചത‌്.

വെള്ളത്താൽ ചുറ്റപ്പെട്ട കോഴിത്തുരുത്തുകാർക്ക‌് പുറത്തേക്ക‌് എത്താനുള്ള ഏക പാലത്തിന്റെ ശോച്യാവസ്ഥയക്കുറിച്ചും ലക്ഷ‌്മി നടേശൻ പറഞ്ഞു. തുരുത്തിലുണ്ടായ കൃഷിനാശത്തെക്കുറിച്ചും വളർത്തുമൃഗങ്ങളെയും പക്ഷികളെയും നഷ്ടപ്പെട്ടതിനെക്കുറിച്ചുമാണ‌് വിജി കുമാരൻ പറഞ്ഞത‌്. ഇരുവരെയും ആശ്വസിപ്പിച്ചാണ‌് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ക്യാമ്പിൽനിന്ന‌് മടങ്ങിയത‌്. കോഴിത്തുരുത്തിലെ141 കുടുംബങ്ങളാണ് ഗവ.എൽപി സ്കൂളിലെ ക്യാമ്പിൽ ഉള്ളത്. കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം, സംസ്ഥാനമന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, മാത്യു ടി തോമസ്, വി എസ് സുനിൽകുമാർ, കെ വി തോമസ് എംപി, വി ഡി സതീശൻ എംഎൽഎ,  കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി വി ലാജു എന്നിവരും ഒപ്പമുണ്ടായി.

പ്രധാന വാർത്തകൾ
Top