18 November Sunday

പ്രളയം: സഹായ ഹസ്തവുമായി തമിഴ്നാട് ജീവനക്കാരും

സ്വന്തം ലേഖകന്‍Updated: Sunday Aug 26, 2018


തിരുവനന്തപുരം > പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി തമിഴ്നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാരും രംഗത്തിറങ്ങി. തമിഴ്നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍'' (ടിഎന്‍ജിഇഎ) ആണ് സഹായഹസ്തവുമായി കേരളത്തിലെത്തിയത്.  4000 കിലോഗ്രാം അരി, അവശ്യ മരുന്നുകള്‍, കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നിവയാണ് സംഘം എത്തിച്ചത്.

    ചെന്നൈ വെള്ളപ്പൊക്കം നടന്നപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ സഹായം തങ്ങള്‍ എക്കാലവും നന്ദിയോടെയാണ് സ്മരിക്കുന്നതെന്ന് ടിഎന്‍ജിഇഎ സംസ്ഥാനസെക്രട്ടറി സി ആര്‍ രാജ്കുമാര്‍ പറഞ്ഞു. കേരളത്തിലെ ജീവനക്കാരുടെ ഈ പ്രവര്‍ത്തനമാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ മുഴുവന്‍ ജീവനക്കാരും ഈ മാസത്തെ ശമ്പളത്തില്‍നിന്നും ഒരുദിവസത്തെ വേതനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

  ഏതാണ്ട് 200 കോടി രൂപവരും ഈ തുക. ഇതിനുപുറമെ സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷന്‍  സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടുമായും തമിഴ്നാട് ജീവനക്കാര്‍ സഹകരിക്കും. നേരത്തെ അവശ്യ വസ്തുക്കള്‍ നല്‍കിയ ഇടുക്കി ജില്ലയിലേക്ക് മൂന്നാമത്തെ ലോഡ് അവശ്യ വസ്തുക്കള്‍ അടുത്ത ദിവസം നേരിട്ട് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
   
എഫ്എസ്ഇടിഒ സംസ്ഥാനനേതാക്കള്‍ക്കൊപ്പം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കളക്ഷന്‍ സെന്ററില്‍ എത്തിയ സംഘത്തെ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ മധുരംനല്‍കി സ്വീകരിച്ചു. ഹര്‍ഷാരവത്തോടെ സംഘത്തെ എതിരേറ്റ കളക്ഷന്‍ സെന്റിലെ വളണ്ടിയര്‍മാര്‍ തമിഴ് ഗാനം ആലപിച്ചാണ് സംഘത്തെ യാത്രയാക്കിയത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top